സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday, 31 January 2016

ഇനിയൊരു ജന്മമുണ്ടെങ്കില്‍
അധ്യായം : 1
        വര്‍ത്തമാനത്തില്‍ നിന്നും ഭൂത കാലത്തിലേക്കൊരു മടക്കയാത്ര അതായിരുന്നു അവളെന്നും ആഗ്രഹിച്ചിരുന്നത്. അവളുടെ തൂലികയ്ക്ക് ശക്തിപകര്‍ന്നതും ഒഴുക്കുനല്‍കിയതും അതുതന്നെയായിരുന്നു. ഓരോ എഴുത്തുകാരനും അവന്‍റേതായ ഭാഷയുണ്ട്. ആ ഭാഷയാണ് അവന്‍റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതും. പക്ഷേ അവള്‍ തന്‍റെ ഭാഷ തിരഞ്ഞെടുത്തതിനുപിന്നില്‍ ഒളിഞ്ഞുകിടന്നൊരു യാഥാര്‍ത്ഥ്യമില്ലേ? തീര്‍ച്ചയായും...
“കഴിഞ്ഞവ എഴുതാം ഇപ്പോള്‍ നടക്കുന്നവയും പക്ഷേ നടക്കാനിരിക്കുന്നത്? അതല്പം കഠിനമാണ്. അടുത്തനിമിഷത്തില്‍പോലും എന്തുസംഭവിക്കുമെന്ന് നിശ്ചയമില്ലാത്ത ഒരു മനുഷ്യജീവിയാണോ തന്‍റെ ഭാവിയെഴുതി  നാട്ടുകാര്‍ക്ക്  വായിച്ചു പഠിക്കുവാനും തുപ്പുവാനും ഇട്ടുകൊടുക്കുന്നത്. എഴുത്തു പൂര്‍ണ്ണമാകണമെങ്കില്‍ അതില്‍ ഭാവിയും അനിവാര്യമാണ്.
ഒന്നും ശരിയാകുന്നില്ല, എവിടെതുടങ്ങും?  എങ്ങനെ തുടങ്ങും?  മുന്‍പൊന്നും ഇങ്ങനെയൊരു സമസ്യ ഉടലെടുത്തിട്ടില്ല. കാരണമുണ്ട്, അന്നെല്ലാം തന്‍റെ മസ്തിഷ്കത്തില്‍ ഉടലെടുത്ത കഥാപാത്രങ്ങളായിരുന്നു തൂലികയിലൂടെ ജീവിതവേഷങ്ങള്‍ പകര്‍ന്നാടിയത്. പക്ഷേ ഇപ്പോള്‍ കഥമാറി കഥാപാത്രങ്ങളും. ജീവിതത്തിന്‍റെ കയ്പ്പും മധുരവും ചവര്‍പ്പുമെല്ലാം തന്നിലൂടെ തന്നെ പറയുവാനാണ് ഇപ്പോഴത്തെ പരിശ്രമം. കഴിയില്ലേല്‍ വേണ്ടെന്നു കരുതികൂടെ? എങ്ങനെ? സാഹസികതകള്‍ എന്നും ഹരമാണ്..... ഇതും ഒരുതരത്തില്‍ സാഹസികതയാണ്. ഇരുപത്തിയഞ്ചാം വയസ്സില്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ അക്ഷരങ്ങളിലൂടെ, താന്‍ കടന്നുവന്ന ജീവിതനിമിഷങ്ങളിലൂടെ വായനക്കാര്‍ക്ക് നല്‍കുക. അപ്പോള്‍ തോന്നാം തുറന്നുകാട്ടാന്‍  തക്കവിധത്തില്‍ ആ ജീവിതത്തില്‍ എന്താണെന്ന്.... ഒന്നുമില്ല എന്നാല്‍ ഒരുപാടുണ്ട്. ചിന്തകള്‍ കാടുകയറിയെങ്കിലും ഇതുവരെ ഒരക്ഷരം പോലും തന്‍റെ മുന്നിലിരിക്കുന്ന കടലാസില്‍ വീണിട്ടില്ല. വാതിലില്‍ ആരുടെയോ തുടര്‍ച്ചയായുള്ള പ്രഹരം ചിന്തകള്‍ക്കും അവയില്‍ ഉടലെടുത്ത സംശയങ്ങള്‍ക്കും കടിഞ്ഞാണിട്ടു. എഴുതാനെടുത്ത സാമഗ്രഹികളെല്ലാം അലമാരയില്‍ തന്നെ ഒളിപ്പിച്ച് അവള്‍ വാതിലിനടുത്തേക്ക് നടന്നു.
അങ്ങനെയെങ്കില്‍ ഒരു ചോദ്യം സുനിശ്ചിതമാണ്, എന്തിനാണവള്‍ ഒളിക്കുന്നത്? ചില ചോദ്യങ്ങള്‍ ഇപ്രകാരമാണ്, അവയുടെ ഉത്തരത്തിനായി നാം കാത്തിരിക്കേണ്ടിവരും ചില പ്രതീക്ഷകളും ആഗ്രഹങ്ങളും പോലെ. എന്തിനും അതിന്‍റേതായ സമയമുണ്ട്. അതിനായുള്ള കാത്തിരിപ്പ് മനുഷ്യജീവിതത്തില്‍ അനിവാര്യമാണ്.

അധ്യായം : 2
അഞ്ച് ദിവസമായുള്ള തിരക്കുകള്‍ അവസാനിച്ചിരിക്കുന്നു.
ഏറ്റെടുത്ത പ്രോജക്ട് പൂര്‍ത്തിയായി.
ഒരു ദിവസം മുന്‍പ് തന്നെ.
നാളെ സബ്മിറ്റ് ചെയ്താല്‍മതി, ആര് ചോദിക്കാന്‍?
വിശ്വാസം അതില്‍ കൂടുതല്‍ ഒന്നുമില്ല...
കഴിവുള്ള ജീവനക്കാരില്‍ മേധാവികള്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം. ആ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണെല്ലോ അവര്‍ക്കായി ആ കസേരയും മാസാമാസങ്ങളില്‍ ചിരിക്കുന്ന ഗാന്ധിമുഖങ്ങളും നല്‍കുന്നത്.
ചെവിയില്‍ തിരുകിയ ഹെഡ്സെറ്റില്‍ ഏതോ ഹിന്ദിഗാനം ആസ്വദിച്ചിരിക്കുകയായിരുന്നു...
പെട്ടെന്നാണ് മൊബലില്‍ കാള്‍ വന്നത്.
സാധാരണ വരാറുള്ള മിസ്ഡ് കാള്‍ അല്ല.
ഇന്നെന്തുപറ്റി?
ലോങ് ബെല്‍...
ഉച്ചയൂണുകഴിഞ്ഞുള്ള വിശ്രമവേളകളില്‍ അവളുടെ മിസ്ഡ് കാള്‍ പതിവാണ്. രാവിലെ ഭക്ഷണം ടിഫിനിലാക്കി തരുന്ന അവള്‍ക്കറിയാം അത് കൃത്യസമയത്തുതന്നെ താന്‍ കഴിക്കുമെന്ന് എങ്കിലും നിറഞ്ഞവയറോടും മനസ്സോടും കൂടി ഞാന്‍ തന്നെ കഴിച്ചുഎന്ന് പറഞ്ഞുകേള്‍ക്കണം. ബാലന്‍സുണ്ടേലും മിസ്ഡ് കാളുകള്‍ മാത്രമേ ചെയ്യാറുള്ളു. താനങ്ങോട്ട് വിളിക്കണം.
ഞാനങ്ങോട്ടേക്ക് വിളിക്കുമായിരുന്നല്ലോ?’
ഫോണെടുത്തുകൊണ്ട് ജീവന്‍ ചോദിച്ചു.
ജീവേട്ടനിന്ന് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ എന്നെയും കൂട്ടണം, ഞാന്‍ നേരത്തെയിറങ്ങാം..
നമുക്കൊരിടം വരെ പോകാനുണ്ട്....
അതിനെന്താ ഞാന്‍ വരാം...
പിന്നെ, ഞാന്‍ കഴിച്ചൂട്ടോ... നന്നായിട്ടുണ്ട്.
ഇറങ്ങുമ്പോള്‍ വിളിക്കാമെന്നുപറഞ്ഞ് മാളു ഫോണ്‍ കട്ട് ചെയ്തു.
Tech solutions company-യിലെ പ്രോജക്ട് മാനേജരാണ് മാളു എന്ന മാളവിക.
അവളുടെ തീരുമാനങ്ങളെ ജീവന്‍ അധികം ചോദ്യം ചെയ്യാറില്ല. അയ്യാള്‍ക്കറിയാം അവള്‍ എന്തുചെയ്താലും അതിനുപിന്നില്‍ വ്യക്തമായൊരു കാരണമുണ്ടാകുമെന്ന്. മാളു ഓഫീസില്‍ കണിശക്കാരിയാണെങ്കിലും തനിക്ക് സ്നേഹം മാത്രമുള്ള സാധാരണക്കാരിയായ ഭാര്യയാണ്. അവള്‍ എന്തുണ്ടാക്കിയാലും നല്ല സ്വാദാണ്.
കൈപുണ്യംഎന്ന് പറഞ്ഞ് അഭിനന്ദിച്ചാലും അവള്‍ പറയും ‘അങ്ങനെയൊന്നുമില്ലഎന്ന്
എന്നിട്ടു ചിരിക്കും.
മാളുവിനെ എപ്പോഴും ചിരിക്കുന്ന മുഖത്തോടുമാത്രമേ കണ്ടിട്ടുള്ളു.
വേദനിക്കുമ്പോള്‍ പോലും അവള്‍ ചിരിക്കുവാന്‍ ശ്രമിക്കും.
എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യത്തിന് അവള്‍ക്ക് ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു,
നമുക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് കണ്ണീരിനേക്കാള്‍ സന്തോഷമല്ലേ നാം നല്‍കേണ്ടത്?’
അപൂര്‍വ്വമായിട്ടേ മാളു കരയാറുള്ളു. അതും തന്‍റെ മുന്നില്‍മാത്രം, തന്നെപോലും ആ കണ്ണുനീര്‍ കാണിക്കാതെ, തന്നെകെട്ടിപിടിച്ച്. ആ മനസ്സിലെ കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞതിനു ശേഷം മാത്രമേ തന്നില്‍ നിന്നവള്‍ അടര്‍ന്നുമാറാറുള്ളു. അപ്പോഴേക്കും ആ കണ്ണുനീരിന്‍റെ നനവ് തന്‍റെ നെഞ്ചിലേക്കും ആഴ്ന്നിറങ്ങിയിരിക്കും.
മരിക്കുവാന്‍ നൂറുകാരണങ്ങളുണ്ടെങ്കിലും ജീവിക്കുവാനുള്ള ഒരു കാരണം കണ്ടെത്തുവാന്‍ ശ്രമിക്കുന്നതുപോലെ, സന്തോഷിക്കുവാന്‍ ആയിരം കാരണങ്ങളുള്ളപ്പോഴും കരയുവാനുള്ള ഒരു കാരണം എന്നും മനുഷ്യന്‍ കണ്ടെത്തും. അതവന്‍റെ തെറ്റല്ല, ശീലമാണ്. കിട്ടിയവയില്‍ തൃപ്തനാകുവാന്‍ അവന്‍ ഒരുക്കലും തയ്യാറല്ല. എന്നു കരുതി നഷ്ടപ്പെട്ടവ കിട്ടിയവക്കുതുല്യവുമല്ല. നഷ്ടപ്പെട്ടവയായിരിക്കാം ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും. ജീവിതം അങ്ങനെയാണ് നേടി എന്നുതോന്നും പക്ഷേ പിന്നീടത് നേട്ടമായിരിക്കില്ല, അപ്പോഴേക്കും കാലവും നമ്മെ കടന്നുപോയിരിക്കും.

അധ്യായം : 3
നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സായാഹ്നത്തിലാണ് മാളുവിനെ ആദ്യമായി കാണുന്നത്. സിദ്ധാര്‍ത്ഥിന്‍റെ പെങ്ങളുടെ വിവാഹ റിസപ്ഷനായിരുന്നു. സിദ്ധാര്‍ത്ഥിന്‍റെ കസിനാണ്. എഞ്ചിനീയറിംങ് കഴിഞ്ഞു. അവന്‍ മാളുവിനെ തനിക്കായി പരിചയപ്പെടുത്തി. അവള്‍ തന്നെ നോക്കിചിരിച്ചു. അവളുടെ കണ്ണുകള്‍ മാത്രമായിരുന്നു താനന്ന് ശ്രദ്ധിച്ചത്.
മുന്‍പെങ്ങോ കണ്ടുമറന്നതുപോലെ...
അതിനൊരു പ്രത്യേകതയുണ്ടായിരുന്നു, ആ കൃഷ്ണമണികളില്‍ എപ്പോഴും ഒരു നനവുള്ളതായി തോന്നും..
***      ***     ***      ***     ***      ***     ***     ***
പിന്നെ മാളുവിനെ കാണുന്നത് രണ്ടുമാസങ്ങള്‍ക്ക് ശേഷമായിരുന്നു.
Tech solutions -ല്‍ ജോയിന്‍ ചെയ്യാനെത്തിയ ദിനം.
അടുത്തടുത്ത ഓഫീസുകളിലാണെന്നത് ഒരു പുതിയ ബന്ധത്തിനുതുടക്കമായി. എന്നാല്‍ അതൊരിക്കലും പ്രണയമായിരുന്നില്ല. മുന്‍പരിചയമുള്ള രണ്ടുപേര്‍ അല്ലെങ്കില്‍ രണ്ടു നല്ല സുഹൃത്തുക്കള്‍ അത്രമാത്രം. അനുഭവങ്ങള്‍ എന്നും നഷ്ടങ്ങള്‍ മാത്രം സമ്മാനിച്ചതിനാലാകാം പ്രണയംഎന്ന പദത്തോടുതന്നെ അവനു ഭയമായിരുന്നു.

***      ***     ***      ***     ***      ***     ***     ***

പക്ഷേ അധികം വൈകാതെ തന്നെ ആ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുവാന്‍ കുടുംബങ്ങള്‍ക്കിടയില്‍ തീരുമാനമായി. മാളുവിനതിനോട് യോജിപ്പോ വിയോജിപ്പോ ഉണ്ടായിരുന്നില്ല. തനിക്കും ആ തീരുമാനത്തെ എതിര്‍ക്കുവാനുള്ള സാഹചര്യമായിരുന്നില്ല. അമ്മയുടെ കണ്ണുനീര്‍ എന്നും തനിക്കൊരു ബലഹീനതയായിരുന്നു.
പക്ഷേ വിവാഹത്തിന് മുന്‍പ് തന്നെ തന്‍റെ കഴിഞ്ഞ കാലവും അതിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളും അവളെ അറിയിക്കുക എന്നത് നിര്‍ബന്ധമായിരുന്നു. ഒടുവില്‍ തന്‍റെ ജീവിതത്തില്‍ ഇന്നും ഉണങ്ങാതെ തന്നെ വേദനിപ്പിക്കുന്ന മുറിവ് സമ്മാനിച്ചവളെക്കുറിച്ച് അവളോട് പറയുമ്പോള്‍ തനിക്കുറപ്പായിരുന്നു ഇന്നും മറ്റൊരാളെ ഹൃദയത്തില്‍ കുടിയിരിത്തിരിക്കുന്ന തന്നെ അവള്‍ സ്വീകരിക്കില്ലെന്ന്. ലോകത്തൊരുപെണ്ണിനും  സഹിക്കുവാനാകുന്നതല്ല തന്‍റെ ഭര്‍ത്താവ് മറ്റൊരാളെ സ്നേഹിക്കുന്നത്. പക്ഷേ അവളെന്നെ അത്ഭുതപ്പെടുത്തി.
താന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നുവെന്നും വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചിരുന്നുവെന്നും പക്ഷേ കാരണം പോലും വ്യക്തമാക്കാതെ തന്‍റെ സ്നേഹത്തെ വലിച്ചെറിഞ്ഞ് അവള്‍ തന്നെ വിട്ടകന്നിട്ടും താന്‍ ഇന്നും അവളെ സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നുവെന്ന് അവളോട് പറയുമ്പോള്‍ സ്നേഹത്തിന്‍റെ വിലയറിയുകയും അത് നിഷേധിക്കുമ്പോള്‍ഉണ്ടാകുന്ന വേദന അറിയുകയും ചെയ്തിട്ടുള്ളവരെ വിവാഹം ചെയ്യുന്നതാണ് ഏറ്റവും ഭാഗ്യംഎന്നായിരുന്നു അവളുടെ മറുപടി.
അതെന്താ അങ്ങനെ?’ ജീവന്‍ അവളോട് ചോദിച്ചു.
സ്നേഹത്തിന്‍റെ മൂല്യമറിയുന്നവര്‍ക്ക് തങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹം കണ്ടില്ലെന്നു നടിക്കാനാകില്ല. ഒരിക്കല്‍ താനനുഭവിച്ച വേദന മറ്റൊരാള്‍ക്ക് നല്‍കാനും അവര്‍ക്കാകില്ല.
മാളു ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോള്‍ അവള്‍ക്ക് സ്നേഹത്തിന്‍റെ മൂല്യമറിയില്ലായിരുന്നോ? അതുകൊണ്ടാണോ തന്നെ സ്നേഹിക്കാനും മനസിലാക്കാനും കഴിയാതെപോയത്? അവള്‍ക്കെന്നോടുണ്ടായിരുന്നത് സ്നേഹമായിരുന്നില്ലേ? പിന്നെ ആ കാലമത്രയും എന്തിനുവേണ്ടി എന്നില്‍ പ്രതീക്ഷകളും ആഗ്രഹങ്ങളും നല്‍കി?’
മാളുവിന്‍റെ വാക്കുകള്‍ ജീവന്‍റെ മസ്തിഷ്കത്തില്‍ അലയടിച്ചു.
അതില്‍ ഉടലെടുത്ത ചോദ്യങ്ങള്‍ക്കൊന്നും അയ്യാളുടെ പക്കല്‍ ഉത്തരങ്ങളുണ്ടായിരുന്നില്ല.

***      ***     ***      ***     ***      ***     ***     ***

വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ മാളു പറഞ്ഞത് സത്യമായി. അവളുടെ വിശ്വാസ പ്രമാണത്തില്‍ അവള്‍ തന്നെ ജയിച്ചു, ജീവനെ തന്‍റെ സ്നേഹത്താല്‍ തോല്‍പ്പിച്ചുകൊണ്ട്. ഒരിക്കല്‍ തന്‍റെ സ്നേഹത്തെ വലിച്ചെറിഞ്ഞ് പോയവളെക്കാള്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്നവളാണ് തന്‍റെ ജീവിതത്തിന്‍റെ ഭാഗ്യമെന്ന് തിരിച്ചറിഞ്ഞ നാള്‍മുതല്‍ ജീവന്‍ മാളുവിന്‍റേതുമാത്രമായി. അവള്‍ അങ്ങനെയായിരുന്നു, സ്നേഹിക്കാന്‍ മാത്രമറിഞ്ഞവള്‍. അതുകൊണ്ട് തന്നെ അവള്‍ സ്നേഹിച്ചവര്‍ക്ക് അവളെ സ്നേഹിക്കാതിരിക്കുവാനും കഴിഞ്ഞിരുന്നില്ല.

അധ്യായം : 4
വൈകിട്ട് മാളുവിനെ വിളിക്കുവാന്‍ എത്തുമ്പോഴേക്കും അവള്‍ തന്നെ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു.
ഞാന്‍ വൈകിയില്ലല്ലോ?
എവിടേക്കാ?’
ബൈക്കവള്‍ക്കരികിലേക്ക് സ്ലോ ചെയ്തുകൊണ്ട് ജീവന്‍ ചോദിച്ചു.
എനിക്കറിയാമായിരുന്നു ജീവേട്ടന്‍ മറക്കുമെന്ന്.......
ശ്വേതയെ ഇന്നലെയല്ലെ അഡ്മിറ്റ് ചെയ്തത്....
ഞാന്‍ വിളിച്ചപ്പോഴെങ്കിലും അതോര്‍ക്കുമെന്ന് ഞാന്‍ കരുതി...
മിക്കവാറും ഇന്നു ഡെലിവറിയുണ്ടായിരിക്കുമെന്നാ പറഞ്ഞിരിക്കുന്നേ......
ശ്വോത മാളുവിന്‍റെ ഫ്രണ്ടാണ്, അക്കാര്യം മാളു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതാണ്.
ശരിയാ ഞാന്‍ മറന്നു...
അതിനെന്താ മാളൂട്ടിയുണ്ടല്ലോ എന്നെ ഓര്‍മ്മപ്പെടുത്താന്‍
ജീവന്‍ പറഞ്ഞു.
ഞാനില്ലാതാകുമ്പോള്‍ ആരുണ്ട്?’
മാളുവിന്‍ ആ ചോദ്യം ജീവനെ നിശബ്ദനാക്കി. അയ്യാള്‍ക്കറിയാം അവള്‍ വെറുതെ ചോദിച്ചതല്ല. അതാമനസ്സിന്‍റെ നീറ്റലാണെന്ന്.
ലൈഫ്കെയര്‍ ഹോസ്പിറ്റലിലെത്തുന്നവരെ അവര്‍ പിന്നെയൊന്നും സംസാരിച്ചില്ല.

***      ***     ***      ***     ***      ***     ***     ***

ശ്വോതയുടെ റൂമിലെത്തുമ്പോഴേക്കും അവിടെ അവള്‍ക്ക് അരികിലായി ഒരു കുഞ്ഞു ശ്വോതയുമുണ്ടായിരുന്നു.
പെണ്‍കുഞ്ഞാണ്....
ഡെലിവറി രാവിലെ കഴിഞ്ഞു. എല്ലാം നോര്‍മ്മലായിരുന്നു.
മാളുവിന് ആ കുഞ്ഞിനെ എത്രകണ്ടിട്ടും മതിയായില്ല. ഒടുവില്‍ വീട്ടിലെത്തിയപ്പോഴേക്കും മണി പത്തുകഴിഞ്ഞിരുന്നു. വൈകിയതുകൊണ്ട് ഭക്ഷണം പുറത്തുനിന്നായിരുന്നു.

***      ***     ***      ***     ***      ***     ***     ***

എന്തുകൊണ്ടോ ഹോസ്പിറ്റലില്‍ നിന്നപ്പോഴുള്ള സന്തോഷം മാളുവിന്‍റെ മുഖത്ത് ഇപ്പോഴില്ല എന്ന് ജീവനുമനസിലായി.
നിനക്കെന്താ പറ്റിയേ? ’ തനിക്കുമുഖം തരാതെ ബെഡ്ഷിറ്റ് വിരിക്കുകയായിരുന്ന അവളോട് ചോദിച്ചു.
ഒന്നുമില്ല ജീവേട്ടാ
നീ ആരോടാ കള്ളം പറയുന്നേ?’
ജീവന്‍ അവളെ തനിക്കഭിമുഖമായി പിടിച്ചുനിറുത്തി.
അവള്‍ക്ക് ജീവന്‍റെ മുഖത്തേക്ക് നോക്കുവാനുള്ള ശക്തിയുണ്ടായിരുന്നില്ല.
അവള്‍ കട്ടിലിലേക്കിരുന്നു.
അല്ല, ജീവേട്ടനെന്നോട് ദേഷ്യമുണ്ടോ?’
എന്തിന്?’
ജീവേട്ടനൊരു കുഞ്ഞിനെതരാന്‍ എനിക്കുകഴിയാതെ പോയില്ലേ?’ മാളുവിന്‍റെ ശബ്ദം ഇടറുവാന്‍ തുടങ്ങി.
ആരാ പറഞ്ഞേ തനിക്കതിനു കഴിയില്ലെന്ന്?
അതിനുസമയമാകുന്നതല്ലേയുള്ളു..
നമ്മുടെ മോള്‍ ലെയ്റ്റായി വന്നാലും ലെയ്റ്റസ്റ്റായി വരുമെടോ... താനല്ലേല്‍ നോക്കിക്കോ....
ജീവന്‍ അവളെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു.
പക്ഷേ ജീവേട്ടന്‍റെ അമ്മക്കെന്നോട് ദേഷ്യമുണ്ട്.
അതൊക്കെ ശരിയാകുമെടോ.... തനിക്ക് ഞാനില്ലേ...?’
അടുത്തനിമിഷം അടക്കിനിറുത്തിയിരുന്നത് ആ കണ്ണുകളിലൂടെ പുറത്തേക്ക് വരുമെന്ന് ജീവന് മനസ്സിലായി.
ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനാ ഇങ്ങനെ ചിന്തിച്ചുകൂട്ടുന്നേ? നിനക്ക് വേറെ പണിയൊന്നുമില്ലേ?’
എന്ന് ചോദിച്ചുകൊണ്ട് അവള്‍ക്ക് പെയ്തൊഴിയുവാന്‍ ജീവന്‍ അയ്യാളെതന്നെ നല്‍കി.
വികാരങ്ങള്‍ അങ്ങനെയാണ് അവയെ അടക്കിനിറുത്തുവാന്‍ ശ്രമിക്കരുത്. അവയെ പഞ്ചഭൂതങ്ങളിലേക്കും ലയിപ്പിക്കണം. അല്ലാത്തപക്ഷം അവ ഹൃദയത്തിന്‍റെ കോണില്‍ ആദ്യം എരിയുവാന്‍ തുടങ്ങും പിന്നെ അഗ്നിയായി രൂപാന്തരപ്പെട്ട് ഒടുവില്‍ പൊട്ടിത്തെറിക്കുമ്പോള്‍ നാം തന്നെ അതില്‍ എരിഞ്ഞടങ്ങുവാനും കാരണമാകും.


അധ്യായം : 5
മിസിസ്സ്. മാളവികജീവന്‍മാളു ലാബിന്‍റെ വാതിലിനടുത്തേക്ക് ചെന്നു.
‘റിസള്‍ട്ട് പോസിറ്റീവാണ്
ചിരിക്കുന്ന മുഖത്തോടെ നഴ്സ് ആ കടലാസ് മാളുവിന്‍റെ കൈകളിലേക്ക് നല്‍കി.
ആ നിമിഷം ജീവന്‍ തനിക്കരികിലില്ലാത്തതില്‍ അവള്‍ക്ക് നിരാശതോന്നി.
രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. അമ്മയാകാനുള്ള ഭാഗ്യം തനിക്കില്ലെന്ന് കുറ്റപ്പെടുത്തിയവരുടെ മുന്നില്‍ തനിക്കിനി തലയുയര്‍ത്തി നില്‍ക്കാം.
ജീവന് കഴിഞ്ഞ ദിവസം നെറ്റ് ഡ്യൂട്ടിയായിരുന്നു. രാവിലെ മാളു ഓഫീസിലേക്കിറങ്ങുമ്പോള്‍ ജീവന്‍ എത്തിയിരുന്നില്ല. ചെറിയൊരു തലചുറ്റല്‍ തോന്നിയതുകൊണ്ടാണ് ഓഫീസിലേക്കുള്ള വഴി ഹോസ്പിറ്റലില്‍ കയറിയത്. ജീവനോട് പറഞ്ഞാല്‍ അതുമതി ടെന്‍ഷനടിക്കാന്‍. എപ്പോഴത്തേയുംപോലെ ലോ പ്രഷറാണെന്ന് കരുതി. ജീവനോട് എപ്പോള്‍ എങ്ങനെ പറയും എന്ന ചിന്തയിലാണ് മാളു ഓഫീസിലെത്തിയത്. ഫോണില്‍ വേണ്ട വീട്ടിലെത്തട്ടെ എന്നിട്ടാകാം.
ചിലപ്പോള്‍ അങ്ങനെയാണ് പറയുവാന്‍ ഹൃദയം ധൃതിവെയ്ക്കുമ്പോള്‍ വാക്കുകള്‍ക്ക് ദൌര്‍ലഭ്യമുണ്ടാകും, പറയുവാനുള്ളവയുടെ ഭംഗിയും അര്‍ത്ഥവും നമ്മുടെ പദസമ്പത്തിനാല്‍ വര്‍ണ്ണിക്കുവാനും പ്രകടമാക്കുവാനും കഴിയുമോ എന്ന ശങ്ക നമ്മില്‍ ഉടലെടുക്കും. ചില വികാരങ്ങളെ വാക്കുകളാല്‍ പ്രകടമാക്കുക അല്‍പ്പം കഠിനമാണ്.

***      ***     ***      ***     ***      ***     ***     ***

സന്തോഷത്തിലാറാടിയ അവളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന വാര്‍ത്തയാണ് ഓഫീസില്‍ അവള്‍ക്കായി കാത്തിരുന്നത്. കമ്പനിയിലേക്കുള്ള പുതിയ റിക്രൂട്ട്മെന്‍റിന്‍റെ ചാര്‍ജ് അവള്‍ക്കായിരുന്നു.
നാളെ പുറപ്പെടണം....
7 ഡെയ്സ് അവിടെ തങ്ങേണ്ടിവരും, എറണാകുളത്താണ്.
ഡൂട്ടി ലെറ്റര്‍ കിട്ടുമ്പോള്‍ അവള്‍ക്ക് എന്തുചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.

***      ***     ***      ***     ***      ***     ***     ***

വീട്ടിലെത്തുമ്പോഴേക്കും ജീവന്‍ നല്ല ഉറക്കത്തിലായിരുന്നു. ഓഫ് ഡെയ്സിലെല്ലാം ജീവന്‍റെ പതിവാണിത്. ഒറ്റക്കിരുന്ന് ബോറടിക്കുമ്പോള്‍ ഒന്നുകില്‍ പുസ്തകങ്ങള്‍ അല്ലെങ്കില്‍ ന്യൂസ് ചാനല്‍ അതുമല്ലേല്‍ ഉറക്കം. വീട്ടിലിരുന്നുള്ള ഓഫീസ് വര്‍ക്കുകളൊന്നും ചെയ്യാന്‍ ജീവനെ കിട്ടില്ല. ഓഫീസില്‍ ഓവര്‍ ടൈം ഇരുന്നാലും വീട്ടിലേക്കൊരു ഫയല്‍ പോലും കൊണ്ട് വരാറില്ല. വീട്ടിലെത്തിയാല്‍ താന്‍ തനിക്കും കുടുംബത്തിനും വേണ്ടി മാത്രം ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും ആഗ്രഹിക്കുന്നുവെന്നും അതിനുമാറ്റം വരുത്താന്‍ താന്‍ ഒരുക്കമല്ലെന്നുമാണ് ജീവന്‍റെ പക്ഷം.
മാളു ജീവനോടെന്തു പറയും എന്ന ചിന്തയില്‍ നില്‍ക്കുകയായിരുന്നു.
ഞാനല്‍പം ഉറങ്ങിപ്പോയിഉണര്‍ന്നെണീറ്റതും മാളുവിനെ കണ്ട ജീവന്‍ പറഞ്ഞു.
താന്‍ പറയുന്നതൊന്നും മാളു കേള്‍ക്കുന്നില്ലെന്ന് അവളുടെ നില്‍പ്പുകണ്ടപ്പോഴേ ജീവനുമനസ്സിലായി.
നീയെന്താ സ്വപ്നം കാണുവാണോ?’ അവളെ തട്ടിക്കൊണ്ട് ജീവന്‍ ചോദിച്ചു.
ഏയ്, ഒന്നുമില്ല
ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്ന അവള്‍ പറഞ്ഞു.
നിന്നോട് ഞാന്‍ പറഞ്ഞിട്ടുള്ളതാ, നിനക്ക് കള്ളം പറയാന്‍ പറ്റില്ല....
നിനക്കിപ്പോഴെന്താ പ്രോബ്ലം?’
അവളെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചുകൊണ്ട് ജീവന്‍ ചോദിച്ചു.
അവള്‍ തന്‍റെ ബാഗില്‍ നിന്നും ആ രണ്ടുകടലാസുകളും എടുത്ത് ജീവനെ ഏല്‍പ്പിച്ചു.
താന്‍ അച്ഛനാകുവാന്‍ പോകുന്നു എന്നറിഞ്ഞ ജീവന്‍റെ ആഹ്ലാദം വാക്കുകള്‍ക്കതീതമായിരുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ എറണാകുളത്തേക്കുള്ള യാത്ര താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ജീവന്‍ തീര്‍ത്തുപറഞ്ഞു.

***      ***     ***      ***     ***      ***     ***     ***

എറണാകുളത്തേക്കുള്ള ട്രെയ്നില്‍ മാളുവിനെ യാത്രയാക്കി മടങ്ങവെ ജീവന്‍റെ മനസ്സ് അസ്വസ്തമായിരുന്നു. തന്‍റെ ജീവിത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങള്‍ ആഘോഷിക്കുവാന്‍ അവള്‍ തനിക്കൊപ്പമില്ലെന്നത് അയ്യാളില്‍ അമര്‍ഷവും ദേഷ്യവുമുണ്ടാക്കി.

***      ***     ***      ***     ***      ***     ***     ***

മാളുവിന്‍റെ ചോദ്യങ്ങള്‍ക്കൊന്നും തനിക്ക് മറുപടിയില്ലായിരുന്നു. അവള്‍ അങ്ങനെയായിരുന്നു. ഉത്തരങ്ങളില്‍ നിന്നും ചോദ്യങ്ങളുണ്ടാക്കും ആ ചോദ്യങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ഉത്തരം നല്‍ക്കുവാന്‍ തനിക്കായിരുന്നില്ല. തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എഞ്ചിനീയറിംങിന് പകരം അവള്‍ നിയമം പഠിച്ചിരുന്നെങ്കില്‍ നല്ലൊരു വക്കീലായേനേ എന്ന്.
അഞ്ചു വര്‍ഷത്തെ ബോണ്ടിന്‍മേലാണ് മാളുവിന്‍റെ ജോലി. ആ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്‍റെ ഔദോഗിക ജീവിതത്തില്‍ ഒരു വീഴ്ച്ചവരുത്താനും അവള്‍ തയ്യാറല്ല.
ലീവെടുക്കുക സാദ്യമല്ല....
പിന്നെ ഞാനെന്തുചെയ്യും? ജീവേട്ടനറിയാത്തതല്ലല്ലോ?’ മാളുവിന് ദേഷ്യം വന്നു.
ഈ സമയം ഞാനടുത്തുണ്ടാകണമെന്ന് നിനക്കൊരാഗ്രഹവുമില്ലേ?’
ജീവേട്ടനെന്താ മനസ്സിലാക്കാന്‍ ശ്രമിക്കാത്തെ...
എനിക്കാഗ്രഹമില്ലാഞ്ഞിട്ടാണോ?’
ഇനി എന്തുപറഞ്ഞിട്ടും യാതൊരു ഫലവുമില്ലെന്ന് ജീവനുമനസിലായി. സമാധാനപരമായ തന്‍റെ കുടുംബാന്തരീക്ഷം കലുഷിതമാക്കാന്‍ ജീവന്‍ ആഗ്രഹിച്ചിരുന്നില്ല. ഒരുപക്ഷേ നാളെ ഇതിനാല്‍ മാളുവിന്‍റെ ജോലിയില്‍ ഒരു പ്രശ്നമുണ്ടായാല്‍ തന്‍റെ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ജീവനറിയാമായിരുന്നു. അതുകൊണ്ടാണ് ഒടുവില്‍ മനസില്ലാഞ്ഞിട്ടും മാളുവിനെ പോകാനനുവദിച്ചത്.
ചിലര്‍ ജീവിക്കുവാനായി തൊഴില്‍ ചെയ്യും എന്നാല്‍ മറ്റുചിലര്‍ മറിച്ചും. ജീവന് പലപ്പോഴും തോന്നിയിട്ടുണ്ട് മാളു ഒരു വര്‍ക്ക് ഹോളിക്കാണെന്ന്. അവള്‍ക്ക് സ്വന്തം തൊഴിലിനോട് അത്രക്കും ആത്മാര്‍ത്ഥതയും അര്‍പ്പണവുമായിരുന്നു.

അധ്യായം : 6
വാതില്‍ തുറന്നതും പ്രതീക്ഷിച്ചയാളല്ല മുന്നില്‍
എന്തായി നിന്‍റെ കഥയെഴുത്ത്?’
മിഥുന്‍ അവളുടെ അനുവാദത്തിന് കാത്തുനില്‍ക്കാതെ അകത്തേക്ക് കടന്നു.
എന്താകാന്‍, മണിക്കൂര്‍ രണ്ടായി ഞാനിവിടെയിരിക്കുന്നു. ഒന്നും ശരിയാകുന്നില്ല.
എന്താ ഇപ്പോഴത്തെ പ്രശ്നം?’
ഇപ്പോള്‍ നടക്കുന്നവയെഴുതി മാഷേ... ഇനി നടന്നു കഴിഞ്ഞവയും നടക്കാനിരിക്കുന്നവയുമാ പക്ഷേ......
എന്താ ഒരു പക്ഷേ?’
അവിടെയിരുന്ന കടലാസുകള്‍ എടുത്ത് മറിച്ചുനോക്കവേ മിഥുന്‍ ചോദിച്ചു.
അതിലൊന്നുമില്ല, ഞാനെല്ലാമെടുത്ത് അലമാരയില്‍വെച്ചു.
എന്തിന്?’
ഞാന്‍ കരുതി അച്ഛനാകുമെന്ന്.... കുത്തിക്കുറിച്ചിരിക്കുന്നത് കണ്ടാല്‍ അതുമതി എല്ലാമെടുത്ത് കത്തിക്കാന്‍.
നന്നായി നിനക്കപ്പോള്‍ പേടിയുണ്ട്...
ഏട്ടനങ്ങനെ പറയാം, ഏട്ടനുതോന്നുന്നുണ്ടോ എനിക്കെഴുതാതിരിക്കാന്‍ കഴിയുമെന്ന്?’
നിനക്ക് നിന്‍റെ അക്ഷരങ്ങളായിരിക്കാം വലുത്, പക്ഷേ എനിക്കെല്ലാം നീയാണ്...
അതോര്‍മ്മവേണം.
എനിക്കൊന്നും പറ്റില്ല മാഷേഅവള്‍ മിഥുനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഞാന്‍ ഇന്നു പുറത്തു പോകുന്നുണ്ട്, നീ വരുന്നോ കുറേ നാളായില്ലേ?’
മുറിയില്‍ നിന്നും പുറത്തേക്കിറങ്ങവേ അവന്‍ ചോദിച്ചു.
വരാം, പക്ഷേ അമ്മ തടസ്സം പറയും അപ്പോഴോ?’
അതു ഞാന്‍ സമ്മതിപ്പിക്കാം, നാലുമണിയാകുമ്പോഴേക്കും തയ്യാറായി നില്‍ക്കണം വൈകരുത്.

***      ***     ***      ***     ***      ***     ***     ***

മിഥുന്‍കൃഷ്ണയെക്കാള്‍ ആറുവയസ്സിന് മൂത്തതാണ്. അനിയത്തി എന്നതിലുപരി കൃഷ്ണ അവന് മകളെപ്പോലെയാണ്. അവളുടെ ആഗ്രഹങ്ങള്‍ക്കെന്നും കൂട്ടായിരുന്നതും അവനായിരുന്നു. അവനോട് സ്നേഹം എന്താണെന്ന് ചോദിച്ചാല്‍ അവന്‍ പറയും കൃഷ്ണയെന്ന്. അവളായിരുന്നു അവനീലോകത്തെല്ലാം. ദുബായിലെ ഒരു ചാനലില്‍ ക്യാമറാമാനായിരുന്നു മിഥുന്‍ പക്ഷേ അഞ്ചുവര്‍ഷങ്ങളായി അവന്‍ അതെല്ലാം ഉപേക്ഷിച്ച് കൃഷ്ണക്കുവേണ്ടിയാണ് ജീവിക്കുന്നത്. കാരണം അവളെ അത്രത്തോളം മനസ്സിലാക്കിയ മറ്റൊരാള്‍ ഈ ലോകത്ത് വേറെയില്ലായിരുന്നു. ഇപ്പോള്‍ ഇന്ത്യാന്യൂസ് ചാനലിലാണ് ജോലി.

***      ***     ***      ***     ***      ***     ***     ***

മിഥുന്‍ പോയിക്കഴിഞ്ഞതും  വാതിലടച്ച് അവള്‍ തന്‍റെ എഴുത്തിനുള്ള ആയുധങ്ങളെടുത്തു. ഇനി സമയമില്ല തന്‍റെ മുന്നില്‍ ഇനി അവശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ഇനിയും വൈകുവാന്‍ പാടില്ല. മാളവികയുടെയും ജീവന്‍റെയും കഥപറയുന്ന ഇവളുടെ ഭാഗം എത്തിയിരിക്കുന്നു.
ശ്രീകൃഷ്ണഭഗവാന്‍ ഭാരത ചരിത്രത്തിന്‍റെ ഗതി നിശ്ചയിച്ചതുപോലെ അവരുടെ ജീവിതത്തേയും തന്‍റെ തൂലികയാല്‍ മുന്നോട്ടുകൊണ്ടുപോയ്ക്കൊണ്ടിരിക്കുന്നവള്‍.
ഒരു പെണ്ണിനാല്‍ തിരസ്കരിക്കപ്പെട്ട് മറ്റൊരുവളാല്‍ സ്വീകരിക്കപ്പെടുകയും ചെയ്ത ജീവന്‍റെ ജീവിതത്തില്‍ മാളുവിന് മുന്‍പ് കടന്നുവരുകയും അധികം വൈകാതെ യാത്രപറയേണ്ടിവരികയും ചെയ്തവള്‍.

അധ്യായം : 7
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്.
തന്‍റെ കൈയ്യിലെ കടലാസിന്‍റെ ചുരുള്‍ നിവര്‍ത്തി സിദ്ധാര്‍ത്ഥ് അതിലെ പേരുവായിച്ചു.
കൃഷ്ണപ്രഭ
കൃഷ്ണപ്രഭ, ഫസ്റ്റ് കപ്യൂട്ടര്‍
മഞ്ഞവര്‍ണ്ണത്തില്‍ സ്വര്‍ണ്ണനൂലുകളാല്‍ ചിത്രപ്പണിചെയ്ത ടോപ്പും പച്ചനിറത്തിലുള്ള ബോട്ടവും ഷാളുമായിരുന്നു അവളുടെ വേഷം.
ഫ്രെഷേഴ്സ് ഡേ സെലിബ്രേഷനെത്തിയ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളെല്ലാം ടെന്‍ഷനിലായിരുന്നു. എന്നാല്‍ അവള്‍മാത്രം നിറഞ്ഞപുഞ്ചിരിയോടെ ഏവരേയും അഭിമുഖീകരിച്ചു. തനിക്ക് മുന്‍പെത്തിയ വിദ്യാര്‍ത്ഥികളെപോലെതന്നെ അവള്‍ സ്വയം പരിചയപ്പെടുത്തി.
മൈ നയിം ഈസ് കൃഷ്ണപ്രഭ
ഐ ആം ഫ്രം തൃശ്ശൂര്‍
മൈ ഹോബീസ് ആര്‍ റീഡിംങ് ആന്‍റ് റൈറ്റിംങ്
എന്നാല്‍ മോളെക്കൊണ്ട് ഒരു കഥപറയിച്ചാല്‍മതി സിദ്ധു
ഒരു വിരുതന്‍ കമന്‍റ് പറഞ്ഞു.
അതിനു സമയമില്ലെടാ, കഥവേണ്ട കവിതമതി.....
സിദ്ധാര്‍ത്ഥ് തന്‍റെ തീരുമാനത്തെ സ്വയം കൈയ്യടിച്ചു സ്വീകരിച്ചു.
മറ്റുവിദ്യാര്‍ത്ഥികളും അതിനോട് യോജിച്ചു.
ആ വേദിയിലെ ബഹളങ്ങളൊന്നും തന്നെ കൃഷ്ണയെ അലോസരപ്പെടുത്തിയില്ല. അവള്‍ സ്വന്തം കവിതയിലെ ഏതാനും വരികളാണ് ചൊല്ലിയത്. അത് ഏവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തു , അത് ആദ്യദിനം തന്നെ അവളെ ഏവര്‍ക്കും പരിചിതയാക്കുന്നതിനും കാരണമായി.

***      ***     ***      ***     ***      ***     ***     ***
ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് എല്ലാവരും മടങ്ങുമ്പോഴാണ് സിദ്ധാര്‍ത്ഥിന് സ്വകാര്യമായി കൃഷ്ണയെ പരിചയപ്പെടണമെന്ന മോഹമുദിച്ചത്.
ജീവന്‍ ഒപ്പം ചെന്നേപറ്റു. ഒറ്റക്കുപോകുവാനെന്തോ  ഒരു മടി. എന്നാല്‍ പോകാതിരിക്കുവാനും കഴിയുന്നില്ല.
ഹലോ കൃഷ്ണ
ഐ ആം സിദ്ധാര്‍ത്ഥ്, ഫോര്‍ത്ത് കപ്യൂട്ടര്‍...
കവിത നന്നായിരുന്നു
താങ്ക്സ്’, കൃഷ്ണ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇതാരാ?’ ജീവനുനേരേ നോക്കി കൃഷ്ണ ചോദിച്ചു.
‘ജീവന്‍’ സിദ്ധാര്‍ത്ഥാണ് മറുപടി പറഞ്ഞത്.
ആ ചോദ്യം രണ്ടുപേരും പ്രതീക്ഷിച്ചതല്ല. പല പെണ്‍കുട്ടികളെയും കണ്ടിട്ടുണ്ട് പക്ഷേ ഇവള്‍.
‘ജീവന്‍ മാഷെന്താ മിണ്ടില്ലേ?’ തനിക്ക് മുഖം തരാതെ നില്‍ക്കുന്ന ജീവനെനോക്കി അവള്‍ ചോദിച്ചു.
തന്‍റെ ചോദ്യങ്ങളൊന്നും ജീവനിഷ്ടപ്പെടുന്നില്ലെന്ന് അവള്‍ക്ക് മനസ്സിലായി.
‘പിന്നെ കാണാം’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ അവിടെനിന്ന് നടന്നകന്നു.
‘അല്പം ഓവര്‍ സ്മാര്‍ട്ടാ എന്നാലും എനിക്കിഷ്ടപ്പെട്ടു’
കൃഷ്ണ പോയ വഴിയിലേക്ക് നോക്കി സിദ്ധാര്‍ത്ഥ് പറഞ്ഞു.
‘നിനക്കല്ലേല്‍ ഏതുപെണ്ണിനെ കണ്ടാലാ ഇഷ്ടപ്പെടാത്തേ?
ജീവന് ദേഷ്യം വന്നു.
‘നിനക്ക് പേടിയാടാ... നിന്‍റെ അവളെപ്പോലെയാ എല്ലാവരും എന്നാ നിന്‍റെ വിചാരം’
സിദ്ധാര്‍ത്ഥ് ജീവനെ ചൊടിപ്പിക്കുവാനായി പറഞ്ഞു.
‘ഞാന്‍ പോകുന്നു’ ജീവന്‍ തന്‍റെ ബൈക്കിനടുത്തേക്ക് നടന്നു.
താനെന്തോ മഹാകാര്യം ചെയ്തു എന്ന ഭാവത്തില്‍ ജീവനെനോക്കി സിദ്ധാര്‍ത്ഥ് നിന്നു.

അധ്യായം : 8
‘എന്തു തീരുമാനിച്ചു മാഷേ ?
കൃഷ്ണ ലൈബ്രറിയിലേക്ക് നടക്കവേ ജീവനോട് ചോദിച്ചു.
‘നിന്നോട് ഞാന്‍ പറഞ്ഞിട്ടുള്ളതാ മാഷേന്ന് വിളിക്കരുതെന്ന്.’
‘പിന്നെ എങ്ങനെയാ വിളിക്കേണ്ടേ? മിസ്റ്റര്‍. ജീവന്‍’
കൃഷ്ണ കളിയാക്കികൊണ്ട് ചോദിച്ചു.
‘നിന്നെ ഞാന്‍’ കൃഷ്ണയെ അടിക്കുമെന്ന ഭാവത്തില്‍ ജീവന്‍ വെറുതെ കൈവീശി.
‘ജീവേട്ടനെന്ന് വിളിച്ചാലോ?
‘അതുമതി, കൊള്ളാം...’ ജീവന്‍ ചിരിച്ചു.
‘ഞാന്‍ ചോദിച്ചതിനെന്താ മറുപടി തരാഞ്ഞേ?’ കൃഷ്ണ പരിഭവിച്ചു.
‘എന്തു തീരുമാനിക്കാന്‍? എനിക്കുവയ്യ, ആര്‍ക്കുവേണ്ടി?
എനിക്കൊന്നും വേണ്ട,  ഈ ജീവന്‍പോലും ബാക്കി നിര്‍ത്തിയിരിക്കുന്നത് അമ്മയെ ഓര്‍ത്ത് മാത്രമാണ്. അല്ലെങ്കില്‍.......’
‘അല്ലെങ്കില്‍....’ ബാക്കികൂടി പറയുവാനായി കൃഷ്ണ അതേറ്റുപറഞ്ഞു.
എന്തിനാ പ്രഭേ ഞാന്‍ ജീവിക്കുന്നത്? അവള്‍ നാളെ വേരൊരാളുടെ ഭാര്യയാകും ആ കവിളുകളില്‍ മറ്റൊരാള്‍ ചുംബിക്കും, അയ്യാളുടെ കുട്ടികളുടെ അമ്മയാകും.... ഇതെല്ലാം കണ്ട്..... ഞാന്‍ അവളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു അന്നും ഇന്നും
ജീവേട്ടന്‍റെ ജീവിതത്തില്‍ എന്തുസംഭവിച്ചുവെന്ന് എനിക്കറിയില്ല.... പക്ഷേ ഒന്നുമാത്രമറിയാം തെറ്റ് ജീവേട്ടന്‍റേതല്ല. ജീവേട്ടനെ മനസ്സിലാക്കാതൊരാളെ ഓര്‍ത്ത് ഇങ്ങനെ നശിക്കുന്നത് കൊണ്ട് എന്താ പ്രയോജനം?’
ജീവന്‍ കൃഷ്ണ പറയുന്നത് കേട്ടുനിന്നതല്ലാതെ ഒന്നും തന്നെ മറുപടി നല്‍കിയില്ല.
താന്‍ നോക്കിക്കോ തനിക്ക് നഷ്ടപ്പെട്ട സ്നേഹം ആയിരം മടങ്ങായി തിരിച്ചുതരുന്ന ഒരു പെണ്‍കുട്ടിയെ തനിക്കുകിട്ടും.....
കൃഷ്ണ ജീവന്‍റെ കരങ്ങള്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
ജീവേട്ടന്‍ ഹയര്‍സ്റ്റഡീസിന് പോകണം. അച്ഛന്‍റെ ആഗ്രഹം പോലെ, ആ അമ്മയുടെ പ്രാര്‍ത്ഥനയാണത്. അതുമല്ലേല്‍ ഈ സുഹൃത്തിന്‍റെ ഒരു കുഞ്ഞാഗ്രഹമല്ലേടോ അത്.
കൃഷ്ണ ജീവനെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ജീവനും ചിരിക്കുവാന്‍ ശ്രമിച്ചു.
അവള്‍ക്കറിയാം ജീവന്‍ നീറുകയാണെന്ന്. സ്നേഹം എന്നും വേദനയാണ്.
അല്പനേരം ഒറ്റക്കാകുവാന്‍ ജീവനെ അനുവദിച്ച് അവള്‍ ലൈബ്രറിയിലേക്ക് നടന്നു.
നഷ്ടമായ തന്‍റെ സ്നേഹമോര്‍ത്ത് വേദനിച്ചിരുന്ന അവനറിയില്ലായിരുന്നു തന്നെ സമാധാനിപ്പിക്കുവാന്‍ ശ്രമിക്കുന്ന അവളും സ്നേഹമെന്ന വികാരത്താല്‍ സ്വയം ഉരുകുകയായിരുന്നുവെന്ന്. അവള്‍ അവനോടുള്ള സ്നേഹം പ്രകടമാക്കുവാനാകാതെ ഉളളില്‍ വിങ്ങുകയായിരുന്നു. കാരണം മറ്റൊരു ആഘാതം കൂടി അവനു നല്‍കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല.

***      ***     ***      ***     ***      ***     ***     ***

ഫ്രെഷേര്‍സ് ഡേക്കുശേഷം കൃഷ്ണയെ ജീവന്‍ പലപ്പോഴും കണ്ടിരുന്നു. എന്നാല്‍ ആ കൂടിക്കാഴ്ച്ചകളെല്ലാം അവള്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചതായിരുന്നുവെന്ന് അവനൊരിക്കലും അറിഞ്ഞിരുന്നില്ല. സിദ്ധാര്‍ത്ഥിന്‍റെ സാന്നിദ്യത്തിലായിരുന്നുവെങ്കില്‍ അതിന് എളുപ്പവുമായിരുന്നു . സിദ്ധാര്‍ത്ഥിന്‍റെ മനസ്സിലെ ഒരു മോഹമായിരുന്നു കൃഷ്ണ. ചിലകാര്യങ്ങള്‍ പറയുവാന്‍ വൈകുമ്പോള്‍‍ അത് കേള്‍ക്കുവാനുള്ളവര്‍ നമ്മില്‍ നിന്നും അകലെയാകും. ഒടുവില്‍ പറയാന്‍ സമയമാകുമ്പോള്‍ കേള്‍വിക്കാരുണ്ടാകില്ല.
എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന അവളുടെ പ്രകൃതത്തോട് ജീവന് ഇഷ്ടക്കേടായിരുന്നുവെങ്കിലും അധികം വൈകാതെതന്നെ അവര്‍ സുഹൃത്തുക്കളായി അതിനു കാരണമായത് അവര്‍ സ്നേഹിച്ചിരുന്ന അക്ഷരങ്ങളും.

***      ***     ***      ***     ***      ***     ***     ***

തനിക്ക് നഷ്ടപ്പെട്ടവളുടെ ഓര്‍മ്മകളില്‍ ജീവിച്ചിരുന്ന ജീവനില്‍ വീണ്ടും സന്തോഷത്തിന്‍റെ നാമ്പുകള്‍ വിടര്‍ത്തിയത് കൃഷ്ണയായിരുന്നു. ചില ദുഃഖങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ സാധ്യമല്ല. എന്നാല്‍ അവയുടെ കാഠിന്യം കുറക്കുക സാധ്യമാണ്.
ദൈവം അങ്ങനെയാണ് ചിലരെ നമ്മില്‍ നിന്നകറ്റുന്‍പോള്‍ മറ്റു ചിലരെ നമുക്കായി നല്‍കും. പക്ഷേ അവരുടെ നിയോഗം എന്തായിരുന്നുവെന്നും അവര്‍ നമുക്കാരായിരുന്നുവെന്നും അവരെ നഷ്ടപ്പെട്ടതിനു ശേഷമേ തിരിച്ചറിയുകയുള്ളു.
എല്ലാ മനുഷ്യര്‍ക്കും നിയോഗങ്ങളുണ്ട്.
അവള്‍ക്കുമുണ്ടായിരുന്നു, ജീവനെന്ന മനുഷ്യന്‍റെ ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങളും പ്രതീക്ഷകളും നല്‍കുക.

അധ്യായം : 9
വിവാഹ റിസപ്ഷനെത്തിയ എല്ലാമുഖങ്ങളിലും ആ മുഖം ജീവന്‍ തിരഞ്ഞിരുന്നു വരില്ലെന്നറിഞ്ഞിട്ടും.
താന്‍ സ്നേഹിക്കുന്നവരെക്കാള്‍ തന്നെ സ്നേഹിക്കുന്നവര്‍ക്കായി ജീവിക്കണമെന്ന്പഠിപ്പിച്ചവളെ.
കോളേജില്‍ നിന്നും വിടപറഞ്ഞതിനുശേഷം ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
മാസങ്ങള്‍ കൂടുമ്പോള്‍ ഒരു കത്ത്, അത്രമാത്രം.
കാരണം എന്താണെന്ന് ഇതുവരെ തിരക്കിയിട്ടില്ല.
വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതാണല്ലോ?’.

***      ***     ***      ***     ***      ***     ***     ***

ഒരു വര്‍ഷത്തെ ആയുസ്സുമാത്രമായിരുന്നു ജീവനുമായുള്ള കൃഷ്ണയുടെ സൌഹൃദത്തിന്. ഒടുവില്‍ എല്ലാവരുടെയും ആഗ്രഹം പോലെ ജീവന്‍ ഹയര്‍സ്റ്റഡീസിനായി പോകുമ്പോള്‍ അവള്‍ ഒന്നുമാത്രമെ ആവശ്യപ്പെട്ടിരുന്നുള്ളു.
ഇനി കാണുവാനോ സംസാരിക്കുവാനോ ശ്രമിക്കരുത്, എനിക്ക് വാക്കുനല്‍കണം.
അതെന്താ പ്രഭേ? എന്നോട് നീ എന്നെന്നേക്കുമായി യാത്രപറയുകയാണോ?’
ജീവന്‍ ചോദിച്ചു.
ഇനി ഒരിക്കല്‍ കൂടി ആ ശബ്ദം കേള്‍ക്കുകയോ ആ രൂപം കാണുകയോ ചെയ്താല്‍ ഒരുപക്ഷേ താന്‍ സംഭരിച്ച ശക്തിയെല്ലാം വ്യര്‍ത്ഥമായി തനിക്ക് ജീവിക്കുവാനുള്ള മോഹം ഉണ്ടായാലോ എന്ന ഭയമാണ് അവളെക്കൊണ്ടത് പറയിപ്പിച്ചതെന്ന് അയ്യാള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല.
ഒരിക്കലുമില്ല, എത്രയകലെയായാലും തന്നെ ഞാന്‍ മറക്കില്ലെടോ, അതിനെനിക്കാവുകയുമില്ല... ഞാന്‍ കത്തുകളയക്കാമെടോ അത് തനിക്കും ഇഷ്ടമല്ലേ?’.
ഒടുവില്‍ അവളുടെ ആഗ്രഹംപോലെ വാക്കുനല്‍കിയാണ് ജീവന്‍ യാത്രപറഞ്ഞത്.

മാളുവുമായുള്ള വിവാഹശേഷം അവളോട് കൃഷ്ണയെപ്പറ്റി പറഞ്ഞപ്പോള്‍ മാളു ആവശ്യപ്പെട്ടതായിരുന്നു ഒരിക്കല്‍ കൃഷ്ണയെ കാണണമെന്ന്. പക്ഷേ നല്‍കിയ വാക്ക് തെറ്റിക്കാന്‍ ജീവന്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ വിവാഹമംഗളങ്ങള്‍ നേര്‍ന്ന് അവള്‍ അയച്ചകത്ത് അവര്‍ ഒരുമിച്ചാണ് വായിച്ചത്.

***      ***     ***      ***     ***      ***     ***     ***

ഏറ്റവും ഒടുവില്‍ തനിക്കായി ജീവനെഴുതിയ കത്തില്‍ അവര്‍ക്ക് ഒരു കുഞ്ഞുപിറക്കുവാന്‍ പോകുന്നു  എന്ന വാര്‍ത്ത വായിച്ചപ്പോഴാണ് കൃഷ്ണക്ക്  എഴുതണം എന്ന ആഗ്രഹം ദൃഢമായത്.
തീര്‍ത്ത് വിപരീതദിശയില്‍ സഞ്ചരിക്കുന്ന രണ്ടു ജീവിതങ്ങള്‍, ഒന്നില്‍ ഒരു നവജീവന്‍ വിടരാന്‍ തുടങ്ങുന്നു. മറ്റൊന്നില്‍....
ജീവിച്ചിരിന്നപ്പോള്‍ പറയാന്‍ കഴിയാത്തത് അല്പം വൈകിയെങ്കിലും ജീവന്‍ അറിയണം എന്നവള്‍ ആഗ്രഹിച്ചു.
അവള്‍ എന്നും അങ്ങനെയായിരുന്നു, തന്‍റെ ദു8ഖങ്ങളും സന്തോഷങ്ങളും അവള്‍ തന്‍റെ സ്വകാര്യതയില്‍ ഭദ്രമായി സൂക്ഷിച്ചു.

***      ***     ***      ***     ***      ***     ***     ***

ജീവനെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ കൃഷ്ണ തന്‍റെ ആയുസ്സിന്‍റെ ദൈര്‍ഘ്യം കുറയുകയാണെന്ന സത്യം മനസ്സിലാക്കിയിരുന്നു.
പ്ലസ്റ്റൂവിന് പഠിക്കുമ്പോഴായിരുന്നു ഡോക്ടര്‍മാര്‍ക്ക് മാത്രം പറയുവാനാകുന്ന  ആ അത്ഭുതരോഗം തനിക്കുണ്ടെന്ന് അവള്‍ മനസ്സിലാക്കിയത്.
അടിപ്പിച്ചുവരാറുള്ള തലവേദന ഓവര്‍ സ്ട്രെയിനിന്‍റേയും കാഴ്ചയുടേയും കുഴപ്പത്തിനാലാണെന്ന് അല്പജ്ഞാനികളായ ഡോക്ടര്‍മാര്‍ വിധിയെഴുതി.
തികച്ചും അപ്രതീക്ഷിതമായാണ് ഡോ.ദീപകുമായുള്ള ഒരു ഇന്‍റര്‍വ്യൂ കവറേജിനായി നാട്ടിലെത്തിയ മിഥുന്‍ അദ്ദേഹത്തെ കാണുന്നത്. ആ പരിചയത്തിന്‍മേലാണ് കൃഷ്ണയെ അദ്ദേഹത്തെ കാണിക്കുവാന്‍ തീരുമാനിച്ചതും. ചികിത്സിച്ചു ഭേതമാക്കുവനാന്‍ കഴിയാത്ത വിധം അവളിലെ രോഗം വളര്‍ന്നിരുന്നു എന്ന ഡോക്ടറുടെ കണ്ടെത്തല്‍ അവളില്‍ നടുക്കം സൃഷ്ടിച്ചുവെങ്കിലും വൈകാതെ തന്നെ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ ആ സത്യത്തെ സ്വീകരിച്ചു. ഒരു രോഗിയെന്ന പരിഗണനയില്‍ ജീവിക്കുവാന്‍ അവള്‍ ഒരിക്കലും തയ്യാറായിരുന്നില്ല.  അതുകൊണ്ട് തന്നെയാണ് അവള്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നതും.
അവളുടെ മോഹങ്ങള്‍ക്ക് ഒരുകോട്ടവും തട്ടരുതെന്ന നിര്‍ബന്ധം മിഥുനെ അവള്‍ക്കൊപ്പം നിറുത്തി. ജീവിച്ചിരിക്കുന്ന കാലം സ്വന്തമായൊരു ജോലി നേടുക എന്നത് അവളുടെ സ്വപ്നമായിരുന്നു. എന്നാല്‍ വിധി അതും അവള്‍ക്ക് നിഷേധിച്ചു. എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോഴേക്കും അവളുടെ ആരോഗ്യം അവളെ വീട്ടുതടങ്കലില്‍ തളച്ചിട്ടു. കള്ളങ്ങള്‍ പറയുവാന്‍ ആഗ്രഹമില്ലാതിരുന്നിട്ടും അവള്‍ ജീവനില്‍ നിന്നും എല്ലാം ഒളിപ്പിച്ചു അതിനായി കള്ളങ്ങളും പറഞ്ഞു കാരണം തന്‍റെ  അവസ്ഥയറിഞ്ഞാല്‍ അയ്യാള്‍ വേദനിക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു.

അധ്യായം : 10
കരയിലേക്ക് പ്രതീക്ഷയോടെ ഓടിയെത്തുകയും ഒഴുകിയകലുകയും ചെയ്യുന്ന തിരകളെ നോക്കി നില്‍ക്കുകയായിരുന്നു കൃഷ്ണ.
എന്താ നിനക്കൊരു സന്തോഷമില്ലാത്തെ?’ അവള്‍ക്കായി വാങ്ങിയ ഐസക്രീം നീട്ടിക്കൊണ്ട് മിഥുന്‍ ചോദിച്ചു.
ആരാ പറഞ്ഞെ സന്തോഷമില്ലാന്ന്? ഞാന്‍ വെറുതേ....
അവള്‍ മിഥുന്‍റെ കൈയ്യില്‍ നിന്നും ഐസ്ക്രീം വാങ്ങി.
നമുക്ക് നടക്കാം’. അവള്‍ അവന്‍റെ കൈയ്യില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
അവള്‍ക്ക് നടക്കുവാന്‍ ഇഷ്ടമായിരുന്നു.....
കോളേജില്‍ ജീവന്‍റെയൊപ്പം കഥയും കവിതകളും പറഞ്ഞ് നടക്കുന്നതായിരുന്നു അവളുടെ പ്രധാനവിനോദം.
കരയിലേക്കടുക്കുന്ന തിരകളില്‍ കാലുകള്‍ നനഞ്ഞപ്പോഴും അവള്‍ക്ക് തണുപ്പനുഭവപ്പെട്ടില്ല.... അവള്‍ക്കുള്ളില്‍ അഗ്നിയായിരുന്നു. ഒറ്റപ്പെടലിന്‍റെയും നഷ്ടപ്പെടലിന്‍റെയും തീവ്രതയില്‍  അവള്‍ എരിയുകയായിരുന്നു.
ദൈര്‍ഘ്യമില്ലാത്ത ആയുസ്സുമായി ജീവിക്കുന്നവള്‍ ആരോടും അടുക്കരുതെന്നാശിച്ചു. പക്ഷേ ഏതോ ജന്മത്തിന്‍റെ ബാക്കപത്രമായ ഏതോ അലെഫിന്‍റെ പ്രഭാവത്തില്‍ അവളിലേക്ക് അവനെത്തി ജീവന്‍’.  സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ മനസ്സിനോട് സ്നേഹമായിരുന്നോ?  അതോ ആരാധനയോ? അറിയില്ല. ഒന്നുമാത്രമറിയാമായിരുന്നു, ഒരിക്കലും സ്വന്തമാക്കുവാന്‍ ആഗ്രഹിച്ചില്ല... നഷ്ടപ്പെടുവാനും... പക്ഷേ സ്നേഹിച്ചു, തന്നേക്കാളേറേ. പക്ഷേ ആ സ്നേഹത്തെ സ്വന്തം ഹൃദയത്തില്‍ തന്നെ ഒളിപ്പിച്ചു. കാരണം അസ്തമിക്കാന്‍ തയ്യാറെടുക്കുന്ന താന്‍ മറ്റൊരാളുടെ ജീവിതം കൂടി നശിപ്പിക്കരുതെന്ന നിര്‍ബന്ധം അവള്‍ക്കുണ്ടായിരുന്നു. ഒടുവില്‍ ഇനി ഒരിക്കലും കാണരുതെന്ന്  പറഞ്ഞുകൊണ്ട് തന്‍റെ ഏകാന്ത ജീവിതം ആരംഭിച്ചപ്പോള്‍ മുതല്‍ ഓരോ ദിനവും ജീവിക്കുകയാണ്, മരിച്ചുകൊണ്ട് മിഥുന് വേണ്ടി അല്ലായിരുന്നുവെങ്കില്‍ ദൈവം നിശ്ചയിച്ച സമയത്തിനായി കാത്തുനില്‍ക്കാതെ ആ യാത്ര പറഞ്ഞ ദിനം തന്നെ തന്‍റെ ബാക്കിനിന്ന ജീവിതത്തോടും വിടപറയുമായിരുന്നു.
തന്‍റെ മുറിയുടെ ഏകാന്തതയില്‍ അടക്കി നിര്‍ത്തിയിരുന്ന വികാരങ്ങള്‍ അവളില്‍ നിന്നും പുറത്തേയ്ക്ക് വരുവാന്‍ വെമ്പല്‍ കൊണ്ടു.
അവളുടെ കൈയ്യിലെ ഐസ്ക്രീം അലിഞ്ഞില്ലാതാകുമ്പോഴും അവള്‍ മറ്റേതോ ലോകത്താണെന്ന് മിഥുന്‍ തിരിച്ചറിഞ്ഞു.
നിനക്കെന്താ പറ്റിയേ?’  നടത്തം നിറുത്തിക്കൊണ്ട് മിഥുന്‍ ചോദിച്ചു.
അവന്‍റ കണ്ണുകളിലേക്ക് നോക്കി ‘എനിക്കെന്താ പറ്റിയതെന്ന് മാഷിനറിയില്ലേ’ എന്ന് ചോദിക്കുമ്പോഴേക്കും അവള്‍ അവനിലേക്ക് വീണിരുന്നു.

***      ***     ***      ***     ***      ***     ***     ***

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കൃഷ്ണയെ ICU വില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്.
ഞാന്‍ പറഞ്ഞിരുന്നല്ലോ,
മെന്‍റല്‍ സ്ട്രെയിന്‍ കൊടുക്കരുതെന്ന്.
അതാണിപ്പോളിങ്ങനെ, ഇനി ഡോസ് കൂട്ടേണ്ടിവരും. സോറി.
ഡോക്ടര്‍ ദീപക് മിഥുനോട് പറഞ്ഞു.
ഒന്നും വേണ്ടിയിരുന്നില്ല, അവള്‍ സ്വയം ബന്ധിക്കപ്പെട്ട് ജീവിക്കുകയായിരുന്നു. മിഥുന് കുറ്റബോധം തോന്നി.

***      ***     ***      ***     ***      ***     ***     ***

എനിക്കെഴുതണം മാഷേ.
കൃഷ്ണ മിഥുനോട് പറഞ്ഞു.
നീ എന്താ പറയുന്നേ? എഴുന്നേറ്റിരിക്കാന്‍ പറ്റില്ല എന്നിട്ടാണോ?’
ഞാന്‍ പറയാം മാഷെഴുതിയാല്‍ മതി.
പിന്നെ ആരുമില്ലാത്തപ്പോള്‍ മതി മാഷേ... പ്ലീസ്.
നോക്കാം, നീയിപ്പോള്‍ മിണ്ടാതെ കിടക്ക് അമ്മയിപ്പോള്‍ വരും.
മിഥുന്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ എടുക്കുകയായിരുന്നു.
അവളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടതും മിഥുന് സങ്കടമായി.
നീ വിഷമിക്കാതെ, ഞാനെഴുതാം.
അവളുടെ കവിളില്‍ പടര്‍ന്ന കണ്ണുനീര്‍ തുടച്ചുകൊണ്ടവന്‍ പറഞ്ഞു.

***      ***     ***      ***     ***      ***     ***     ***

എരിഞ്ഞടങ്ങിയ അവളുടെ ചിതയിലേക്ക് നോക്കി നില്‍ക്കവേ തന്‍റെ കണ്ണുനീര്‍ തന്‍റെ ഹൃദയത്തെത്തന്നെ പൊള്ളിക്കുന്നതായി അവനനുഭപ്പെട്ടു. അയ്യാള്‍ ‍പോലും അറിയാതെ അയ്യാളെ ജീവനുതുല്യം സ്നേഹിച്ച അവളുടെ ചിരിക്കുന്ന മുഖം ജീവന്  മുന്നില്‍ അപ്പോഴും തെളിഞ്ഞുനിന്നു. അവളുടെ ആഗ്രഹം പോലെ ആ ഫോട്ടോക്കരികില്‍ മാളു ആ വെളുത്ത റോസാപുഷ്പങ്ങള്‍ വയ്ക്കവേ അയ്യാള്‍ ഓര്‍ക്കുകയായിരുന്നു, അവള്‍ എന്നും തന്നോടു പറയുമായിരുന്നു ഞാന്‍ മരിച്ചുപോകുമ്പോള്‍ ജീവേട്ടന്‍ എനിക്കായി വെളുത്ത റോസാപുഷ്പങ്ങള്‍ കൊണ്ട് വരണമെന്ന്.പക്ഷേ തന്‍റെ മരണം മുന്‍പില്‍ കണ്ടാണവള്‍ അങ്ങനെ പറഞ്ഞിരുന്നതെന്ന് മാത്രം താനറിഞ്ഞിരുന്നില്ല. അന്നു താന്‍ കളിയാക്കുമായിരുന്നു,
അന്ന് ഞാന്‍ നിന്നെ കാണാന്‍ വന്നിട്ടുവേണ്ടേ, ഞാനപ്പോഴേക്കും നിന്നെ മറന്നിരിക്കുംഎന്ന്.

***      ***     ***      ***     ***      ***     ***     ***

മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് മാളുവിനൊപ്പം എല്ലാവരോടും യാത്രപറഞ്ഞിറങ്ങവേയാണ് മിഥുന്‍ ജീവനെ അത് ഏല്പ്പിച്ചത്. അവസാനനാളുകളില്‍ അവള്‍ പറഞ്ഞ് അവനെഴുതി ജീവനായി കാത്തുവെച്ച ആ സമ്മാനം.
അവള്‍ തന്നോട് പറയാന്‍ ബാക്കിവെച്ചതും തന്നില്‍ നിന്നൊളിപ്പിച്ചതുമെല്ലാം ഇതിലുണ്ട്, അവളോട് ജീവനൊരിക്കലും ദേഷ്യം തോന്നരുത്.
മിഥുന്‍ അത് ജീവന് നല്‍കികൊണ്ട് പറഞ്ഞു.

***      ***     ***      ***     ***      ***     ***     ***

പത്തധ്യായങ്ങളുണ്ടായിരുന്ന ആ കഥയുടെ അവസാനം ഇങ്ങനെയായിരുന്നു.
ഒടുവില്‍ തന്‍റെ സ്നേഹത്തെ അവനുമുന്നില്‍ വെളിപ്പെടുത്താനാകാതെ യാത്രയാകേണ്ടി വന്നപ്പോള്‍ അവള്‍ അവനെഴുതി......
ഞാന്‍ തന്നെ സ്നേഹിച്ചിരുന്നു. ഓരോ ശ്വാസത്തിലും ഓരോ നിമിഷവും ആ സ്നേഹമനുഭവിക്കുവാന്‍ അര്‍ഹതയില്ലെന്നറിഞ്ഞുകൊണ്ട് തന്നെ. നിറവേറാത്ത ആഗ്രഹങ്ങളുമായി വിടപറയുന്നവര്‍ പുനര്‍ജനിക്കും എനിക്കുറപ്പാണ്..... ഇനിയൊരു ജന്മമുണ്ടെങ്കില്‍ വിട്ടുകൊടുക്കില്ല ആര്‍ക്കും.... എന്‍റെ ഹൃദയത്തില്‍ സൂക്ഷിച്ച് എന്നോടൊപ്പം എരിഞ്ഞടങ്ങേണ്ടിവന്ന എന്‍റെ സ്നേഹം ജീവേട്ടനു നല്‍കാന്‍ ഞാന്‍ വരും ആ കൃഷ്ണയായി തന്നെ......
എന്ന് സ്വന്തം
കൃഷ്ണ

***      ***     ***      ***     ***      ***     ***     ***

മാളുവും ജീവനും ആ അക്ഷരക്കൂട്ടുകള്‍ വായിച്ചുകഴിയുമ്പോഴേക്കും ആ സ്നേഹത്തിന്‍റേയും ദു8ഖത്തിന്‍റെയും പങ്ക് മറ്റൊരാളിലും എത്തിയിരുന്നു. മാളവികയുടെ ഉള്ളില്‍ തന്‍റെ പുനര്‍ജന്മത്തിനായി കാത്തുകിടക്കുന്ന അവരുടെ കൃഷ്ണയില്‍. ഒടുവില്‍ അവളെത്തി കൃഷ്ണ പ്രഭയായി തന്നെ ജീവനു തന്‍റെ സ്നേഹം നല്‍കുവാന്‍. ജീവനും അവളെ സ്നേഹിച്ചു ഒരിക്കല്‍ മടക്കിനല്‍കാനാകാതെപോയ അവളുടെ സ്നേഹം പതിന്മടങ്ങായി തിരികെ നല്‍കികൊണ്ട്. അതിനു സാക്ഷിയായി മാളവികയും.
ശുഭം

No comments:

Post a Comment