സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

യാത്ര

അലകടലിന്‍റെ അനന്തതയില്‍ മിഴികളൂന്നിനില്‍ക്കേ അയ്യാളറിഞ്ഞിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ടായിരുന്നു, ഓരോ മനുഷ്യനും ഒരു കടലാണ്. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുള്ള ഒരു കടല്‍. പക്ഷേ തീരത്തേയ്ക്ക് അലയടിച്ചെത്തിയ തിരകള്‍ക്ക് എന്നത്തേയുമത്ര ശക്തിയില്ലെന്ന് അയ്യാള്‍ തിരിച്ചറിഞ്ഞു.  ഇന്ന് ആദ്യമായാണ് ഇങ്ങനെ ഒറ്റയ്ക്ക്. തന്നെക്കാള്‍ ഇവിടെയെത്തുവാന്‍ എന്നും കുട്ടികള്‍ക്കായിരുന്നു താല്‍പര്യം. തിരകളിലേയ്ക്കോടിയിറങ്ങുന്ന അവരെ കരയിലേയ്ക്ക് കയറ്റുവാന്‍ അവള്‍ പാടുപെടുന്നത്  സുഖമുള്ളൊരുകാഴ്ചയാണ്. ഇന്നലെ രാവിലെ ഓഫീസിലേയ്ക്കെന്നു പറഞ്ഞിറങ്ങവേ താനോ , തന്നെയാത്രയാക്കവേ അവളോ ചിന്തിച്ചിരുന്നില്ല  ഇവിടെക്കൊരു യാത്രയുണ്ടാകുമെന്ന്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഹെഡ്ഓഫീസിലേക്ക് താന്‍ തന്നെ പോകണമെന്ന വിവരം മാനേജര്‍ അറിയിച്ചത്. അര്‍ജന്‍റ് മീറ്റിംങാണ്. ഒരു മണിക്കൂറിനുള്ളിലെത്തണം. പക്ഷേ അവിടേയ്ക്ക് യാത്രതിരിച്ച താനെത്തിയതോ ഈ കടല്‍കരയിലും.

                                  ആരോ തന്‍റെ പേര് വിളിക്കുന്നതുപോലെ അയ്യാള്‍ക്കുതോന്നി. അതേ, അത് അവനാണ് തന്‍റെ മകന്‍. അവന്‍ തന്നെ യാത്രയാക്കുന്നതിന് മുന്‍പ് അവസാനത്തെ ബലിച്ചോറുണ്ണുവാന്‍ വിളിക്കുകയാണ്.  തന്‍റെ ജീവനറ്റ ശരീരത്തിനടുത്ത് കണ്ണീരൊഴുക്കുന്ന അവളുടെയും കുട്ടികളുടെയും മുഖം കാണാനാകാതെയാണ് അയ്യാള്‍ ആ കടല്‍ കരയിലെത്തിയത്. പക്ഷേ ഇനിയും ഇവിടെയിരിക്കാനാകില്ല. വിളിക്കുന്നത് സ്വന്തം മകനാണ്. വിശപ്പില്ലാതിരുന്നിട്ടും ആ ബലിച്ചോറുണ്ണുവാന്‍ അയ്യാള്‍ തന്‍റെ വീട്ടിലേയ്ക്ക് നടന്നു.

വാരാന്ത്യചിന്തകള്‍

നാലുദിവസമായി മഴ കനത്തുനില്‍ക്കുകയാണ്. ലോകാവസാനമടുത്തെന്ന അവകാശവാദത്തോടെ 312ബിയിലെ കോശിച്ചായന്‍ ഇന്നെലെയൊരു ചര്‍ച്ചക്കെത്തിയതാണ്. ആടിത്തളര്‍ന്ന് അരങ്ങില്‍ നിന്നിറങ്ങുന്നപോലെയാണ് ഓഫീസില്‍ നിന്നും വരുന്നത്. ജൂനിയേര്‍സിനും സുപീരിയേര്‍സിനുമിടയില്‍ താന്‍ ആടുകയാണ്, വേഷങ്ങള്‍ മാറിമാറി. തലയ്ക്കുമുകളില്‍ കുമിഞ്ഞുകൂടുന്ന ഉത്തരവാദിത്വങ്ങള്‍ പലതാണ്. കൃത്യതയോടും സൂക്ഷമതയോടും ചെയ്യേണ്ടവ. അതിനുപുറമേ കുടുംബം, കുട്ടികള്‍... അതുകൂടി താങ്ങുവാനാകില്ലെന്ന നിഗമനമാണ് ഇന്നുംതുടരുന്ന ഈ ബാച്ചിലര്‍ വേഷം…
റിട്ടര്‍മെന്‍റിന്‍റെ സ്വാതന്തൃം നേടിയവര്‍ക്ക് എന്തായികൂടാ... ആളെ പിടിച്ചുനിറുത്തി വധിക്കുവാന്‍ അവര്‍ക്ക് സമയം ധാരാളമുണ്ട്. പക്ഷേ ഒരുകണക്കിനു നോക്കിയാല്‍ അവര്‍ക്കും വേണ്ടേ നേരംപോക്കുകള്‍..... ഇടവേളകളില്ലാതെ കുമിഞ്ഞുകൂടുന്ന ജോലികള്‍ക്കിടയില്‍ ഊളിയിടുമ്പോള്‍ തോന്നും ഒന്നു വിശ്രമിക്കുവാനായെങ്കിലെന്ന്. പക്ഷേ  ഈ തിരക്കുകളെല്ലാമൊഴിഞ്ഞ് പ്രശ്നങ്ങളെല്ലാം അവസാനിച്ചാലോ??? അത്തരത്തിലൊരു അവസ്ഥയുണ്ടായാലോ??? പിന്നെയെന്ത് ജീവിതം? പിന്നെ ആകെയൊരു വിമ്മിഷ്ടമായിരിക്കും. ചെയ്യുവാനും ചെയ്തുതീര്‍ക്കുവാനും ഒന്നുമില്ലെങ്കില്‍, "മനുഷ്യനെന്തിന്?" എന്ന ചോദ്യംപോലും ഉടലെടുക്കാം… ഒരിക്കലും വന്നെത്താത്ത നാളെയെ പ്രതീക്ഷിച്ച് മനുഷ്യര്‍ കാത്തിരിക്കുന്നതുതന്നെ തനിക്ക് പ്രാപ്യമായ പ്രവര്‍ത്തികളില്‍ മുഴുകിയാണ്...
കഴിഞ്ഞ മാസം ശിരസ്സിന് മുകളില്‍ ചാര്‍ത്തികിട്ടിയ ആ പ്രൊമോഷന്‍ കിരീടം ഈ ഇടയായി വല്ലാത്ത വേദന നല്‍കുന്നുണ്ട്... തലയിലെ ഓരോ ഞരമ്പുകളും വേദനയാല്‍ നിലവിളിക്കാറുണ്ട്... മെഡിക്കല്‍ ഷോപ്പില്‍ പേരുപറഞ്ഞുവാങ്ങിയ ടാബുലറ്റുകളില്‍ പലപ്പോഴും അതിനെ തളച്ചിടുമെങ്കിലും ഇടയ്ക്കിടെ അത് പുറത്തുചാടാറുണ്ട്...
പാതി തുറന്ന ജനാലയിലൂടെ അകത്തേയ്ക്കെത്തിനോക്കിയ മഴകാറ്റുപോലും അയ്യാളുടെ നിദ്രയ്ക്കു ഭംഗം വരുത്താതെ ഒരു തലോടല്‍ നല്‍കികൊണ്ട് കടന്നുപോയി... ആ തലോടലിന്‍റെ സുഖം നുകര്‍ന്നാവാം മറുവശത്തേയ്ക്ക് തിരിഞ്ഞ് കിടന്നത്.
ഇന്ന് ഞായറാഴ്ചയാണ്..... 'ഒരാഴ്ചത്തെ ജീവിതത്തില്‍ ആകെ വീണുകിട്ടുന്ന ഒഴിവുദിനം' എന്നൊക്കെ ഭംഗിവാക്കു പറയാം..... ഒഴിവുദിനങ്ങള്‍ വിശ്രമദിനങ്ങളാണെങ്കില്‍, അങ്ങനെയൊന്ന് ഈ എട്ടുവര്‍ഷത്തിനിടയില്‍ ലഭിച്ചിട്ടില്ല... കഴിഞ്ഞ ആറുദിവസങ്ങളിലെ വിഴുപ്പുംപേറി ജലസ്പര്‍ശത്തിനായി കാത്തുകിടക്കുകയാണ് ഒരുഡസന്‍ തുണികള്‍. അച്ചടക്കമില്ലാതെ സ്ഥാനം തെറ്റികിടന്നിരുന്ന സാമാനങ്ങള്‍ തന്നെ ഭ്രാന്തുപിടുപ്പിച്ചിരുന്നത് പിന്നിലെവിടെയോ കൈമോശം സംഭവിച്ച തന്‍റെ അച്ചടക്കമാര്‍ന്ന ജീവിതത്തിന്‍റെ ശേഷിപ്പുകളുടെ ഫലമായിരുന്നിരിക്കാം... എന്നിരുന്നാലും ഘടികാരസൂചിപോലെ ആവര്‍ത്തിക്കപ്പെടുത്ത പ്രവര്‍ത്തിദിവസങ്ങളില്‍ ഇത്തരത്തിലുള്ള ചിന്തകള്‍ അശേഷം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
മഴ വീണ്ടും തകര്‍ക്കുകയാണ്... റൂഫിങ്ഷീറ്റിന് കീഴെ അലക്കിവിരിച്ച തുണികള്‍ ഉണങ്ങികിട്ടുവാന്‍ ഇനി തപസ്സിരിക്കണം. ഒറ്റമുറിയും അടുക്കളയും ബാത്ത്റൂമുമടങ്ങുന്ന തന്‍റെ സാമ്രാജ്യത്തെ വൃത്തിയാക്കി മനുഷ്യവാസം തോന്നിപ്പിച്ചപ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു...
ഭക്ഷണമൊന്നും ഉണ്ടാക്കിയിട്ടില്ല...
രാവിലെ കുടിച്ചചായയില്‍ വിശപ്പ് ദഹിച്ചില്ലാതായോ?
എന്തായാലും കുടയെടുത്ത് തോരാതെനിന്ന മഴയിലേയ്ക്ക് ഇറങ്ങിനടന്നു. ആളുകള്‍ക്ക് ചൂടെന്നോ തണുപ്പെന്നോ ഇല്ലാതായിരിക്കുന്നു. റോഡിനിരുവശത്തും
തിരക്കുതന്നെയാണ്. ഉയര്‍ന്നുനിന്ന പ്രൈവറ്റ് കമ്പനിയ്ക്കുമുന്നില്‍ കെട്ടിയ ഒറ്റമുറിയില്‍ വര്‍ത്തമാനപത്രവും വായിച്ചിരിക്കുന്ന അയ്യാള്‍ക്ക് ഒരിക്കലും അവധികളെ ഉണ്ടായിട്ടില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുപക്ഷേ നൈറ്റ് ഷിഫ്റ്റ് മറ്റൊരാള്‍ക്കാകാം... ജീവിക്കുവാന്‍ എന്തെന്ത് വേഷങ്ങള്‍ കെട്ടണം. ഒരിക്കലഴിച്ച യൂണീഫോമിനുപകരം ഇന്ന് മറ്റൊന്ന്, മറ്റൊരു നിറത്തില്‍... നെഞ്ചില്‍ ചാര്‍ത്തിയിരിക്കുന്ന ബാഡ്ജിലെ സ്ഥാനപ്പേരില്‍ മാത്രമാണ് മാറ്റം... സ്വന്തം പേര് പഴയതുതന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. അതുമാത്രമാണല്ലോ മാറാതെ ജീവിതാവസാനം വരെ കൂടെയുണ്ടാകുന്നത്. അത് നല്‍കിയവര്‍ പിരിഞ്ഞാലും അതുമാത്രം അവശേഷിക്കും.... ഭക്ഷണം കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ ഫ്ലാറ്റിനുമുന്നിലൊരു ബഹളം. കോശിച്ചായന്‍റെ നേതൃത്വത്തിലുള്ള പ്രകൃതിസ്നേഹികള്‍ നട്ടുവളര്‍ത്തിയ മുരിങ്ങമരം നിലംപതിച്ചിരിക്കുന്നു... പാവം
എത്രയെന്ന് കരുതി പിടിച്ചുനില്‍ക്കും. ഉയര്‍ന്ന് വരുന്ന അംബരചുംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് അടിത്തറപാകുന്നവര്‍ ഓര്‍ക്കുന്നില്ല അവയ്ക്കും
ചുവടുറപ്പിക്കുവാന്‍ കരുത്തുള്ള മണ്ണുവേണമെന്ന്. മരമായാലും മനുഷ്യനായാലും അടിസ്ഥാനമില്ലേല്‍ വീഴും... അത് ഉറപ്പാണ്.....
രാവിലെ മുതലുള്ള പണികളും മഴയത്തുള്ള നടത്തവും നല്‍കിയ ക്ഷീണം കട്ടിലിലേയ്ക്ക് നയിച്ചതുമാത്രം ഓര്‍മ്മയുണ്ട്. സ്വപ്നങ്ങള്‍പോലുമില്ലാതെ ശരീരത്തിന്‍റെ സകലഭാരവും ആ കട്ടിലിലേയ്ക്ക് നല്‍കി ഒരു ഉറക്കം. ചിലപ്പോള്‍ കട്ടിലാഭാരത്തെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍റെ പ്രതലത്തിലേയ്ക്ക് കൈമാറിയിട്ടുണ്ടാകാം... അത് ഭൂമിയിലേയ്ക്കും... എല്ലാം ഒടുവിലെത്തുന്നത് അവിടേയ്ക്ക് തന്നെയാണ്... ഭൂമിയിലേയ്ക്ക്...
ന്യൂട്ടന്‍റെ ആപ്പിളും പറക്കുന്ന പക്ഷികളും എന്തിനേറെ കുതിച്ചുയരുന്ന റോക്കറ്റുപോലും ഒടുവില്‍ അവിടേയ്ക്കുതന്നെയല്ലേ എത്തുന്നത്. ഈ ഭാരമൊക്കെ അവളെങ്ങനെയാണ് സഹിക്കുന്നത്??? സഹിക്കാനാകാതെ വരുമ്പോള്‍ എന്തുചെയ്യും??? ചിലപ്പോള്‍ കുടഞ്ഞെറിയുമായിരിക്കും അല്ലെങ്കില്‍ സഹനത്തിന്‍റെ മൂര്‍ദ്ധന്യതയില്‍ ഉള്ളില്‍ തിളയ്ക്കുന്ന ലാവകുടഞ്ഞ് അഗ്നിശുദ്ധിവരുത്തുമായിരിക്കാം... അതിനിനി അധികം നാളില്ലെന്നുതന്നെയാണ് കോശിച്ചായന്‍റെ അഭിപ്രായം. മണിക്കൂറുകള്‍ കഴിഞ്ഞ് ഉണരുമ്പോഴേയ്ക്കും മഴതോര്‍ന്നിരുന്നു. കാര്‍മേഘങ്ങള്‍ നീങ്ങി തെളിഞ്ഞുകിടന്ന ആകാശത്ത് സൂര്യന്‍ അസ്തമിക്കാന്‍ തയ്യാറാകുന്നു. നൈറ്റ് ഡ്യൂട്ടിക്കെത്തിയ ശശാങ്കന്‍ എവിടെയോ തെളിഞ്ഞിരുന്നു. അപ്പോഴും അവള്‍ സഹിക്കുകയായിരുന്നു... തന്നില്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന ഭാരം വെച്ചുമാറാന്‍ മറ്റൊരാളില്ലാതെ.....

അമ്പലപ്രാവ്

ശ്രീകോവിലിന്‍റെ നടയില്‍ നില്‍ക്കുമ്പോഴും അവളുടെ കണ്ണുകള്‍ ആ അമ്പലപ്രാവുകളിലായിരുന്നു. പൂജകഴിഞ്ഞ് നിലത്തിട്ട ശര്‍ക്കരയും അവലുമായിരുന്നു അവരുടെ ലക്ഷ്യം. ശര്‍ക്കരത്തുണ്ടുകള്‍ വലുതായതിനാലാകാം അത് കൊത്തിതിന്നുവാനുള്ള ശ്രമം ഉപേക്ഷിച്ച് അവര്‍ പുറത്തേയ്ക്ക് പറന്നു. പുത്തനുടുപ്പിന്‍റെ അരുകുകളില്‍ പൊടിപറ്റാതിരിക്കുവാന്‍ അതല്‍പ്പമുയര്‍ത്തി അവള്‍ പടികള്‍ തിരികെകയറവേ അവ ഗോപുരമുകളില്‍ സ്ഥാനമുറപ്പിച്ചിരുന്നു, വീണുകിട്ടുന്ന അടുത്ത അന്നത്തേയും പ്രതീക്ഷിച്ച്. വര്‍ഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. ജീവിതത്തിന്‍റെ തിരക്കുള്ള മാരത്തോണ്‍ ഓടിത്തീര്‍ക്കവേ അമ്പലപ്രാവുകള്‍ ഓര്‍മ്മമാത്രമായി. ഇന്ന് തിരക്കുകള്‍ അവസാനിച്ചു, വീണ്ടും ആ ശ്രീകോവില്‍ നടയ്ക്കല്‍ നില്‍ക്കവേ അവക്കൊരുമാറ്റവും ഉണ്ടായിരുന്നില്ല മാറ്റം അവളിലായിരുന്നു ജരാനരകളായി. ഇന്ന് പുത്തനുടുപ്പില്ല... കഴിഞ്ഞുപോയ ഓണനാളില്‍ മകന്‍ അയച്ചുതന്ന സാരി മങ്ങിതുടങ്ങിയിരുന്നു. ഇന്ന് പടികള്‍ കയറവേ പൊടിപുരളുമെന്ന ചിന്തയില്ല, ഇന്ന് അവളും ഒരു അമ്പലപ്രാവാണ് കടലിനക്കരെനിന്ന് തന്‍റെ മക്കള്‍ ഇട്ടുതരുന്ന അന്നത്തിനായി കാത്തിരിക്കുന്ന അമ്പലപ്രാവ്... ഗോപുരമുകളിലിരിക്കുന്ന അവയെനോക്കി പുഞ്ചിരിച്ച് അവള്‍ നടന്നു അവളെപോലുള്ള അമ്പലപ്രാവുകള്‍ വസിക്കുന്ന ആ അമ്പലത്തിലേക്ക്.

ഉറക്കം

സമയം 11.47
രാത്രിയാണ്...
ഇപ്പോള്‍ ആകാശത്ത് നക്ഷത്രങ്ങള്‍ ഉണ്ടാകുമോ? അറിയില്ല.
അറിയണമെങ്കില്‍ രണ്ട് വാതിലുകള്‍ തുറക്കണം. അതിന് എന്നിലെ മടി തയ്യാറല്ല. ഉറക്കം വരാതെ തിരിഞ്ഞുംമറിഞ്ഞും കിടന്ന് ബോറടിച്ചു. മറ്റൊരു രീതിയില്‍ അല്പം സാഹിത്യം കലര്‍ത്തിപറഞ്ഞാല്‍ നിദ്രാദേവി എന്നെയിന്നു മറന്നുവെന്ന് തോന്നുന്നു. ആ ദേവിയുടെ പ്രഭാവമൊന്നും എന്നില്‍ പ്രകടമാകുന്നില്ല. നക്ഷത്രങ്ങളെ കാണുവാനുള്ള മോഹം വെടിഞ്ഞ് മുന്നില്‍കറങ്ങുന്ന സീലിംങ് ഫാനിനെ കണ്ട് ഞാന്‍ നിര്‍വൃതി അടഞ്ഞു.
എനിക്കുറങ്ങിയേ കഴിയു.... പുലര്‍ച്ചേ ഉണരുവാനുള്ളതാണ്.
എന്‍റെ തലയ്ക്ക് മുകളില്‍ കത്തുന്ന സീറോ വാള്‍ട്ട് ബള്‍ബിലേയ്ക്ക് നോക്കി ഞാന്‍ ഉറക്കത്തെ പ്രതീക്ഷിച്ചുകൊണ്ട് കിടന്നു.
പഴക്കംചെന്ന ചുമരിലെ പെയ്ന്‍റ് ഇളകിത്തുടങ്ങിയിരിക്കുന്നു. ആ ചുമരില്‍ ഒരു മുതലയെ ആരോ വരച്ചുവെച്ചിരിക്കുന്നതുപോലെ. ഞാനതിനെ നോക്കി ചിരിച്ചുകാണിച്ചു.
നാളെ പരീക്ഷയാണ്...
പത്താംതരം പരീക്ഷയല്ല, ഒരു അഭ്യസ്തവിദ്യന് എഴുതുവാന്‍ കഴിയുന്ന പരീക്ഷ.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പും ഒരു പരീക്ഷയുണ്ടായിരുന്നു. നാളുകളായുള്ള കാത്തിരിപ്പിനൊടുവില്‍, തയ്യാറെടുപ്പുകള്‍ക്കൊടുവില്‍(സംശയം) സകലദൈവങ്ങളെയും ഒപ്പംകൂട്ടിയാണ് അന്ന് പരീക്ഷ ഹാളില്‍ കയറിയത്. പക്ഷേ എന്തോപറ്റി... എവിടെയോ പിഴച്ചു(സംശയം)... എവിടെന്നുമാത്രം മനസ്സിലായില്ല.
സിലബസ് നോക്കിയല്ലേ പഠിച്ചത്? ആയിരുന്നു.
പക്ഷേ ഇത്രയൊന്നും പോരാ, 'പഠിച്ചതിനേക്കാള്‍ പഠിക്കുവാനുള്ളതാണ് ഏറെയും' മനസ്സിനോട് സ്വയം പറഞ്ഞു. അത് ശാന്തമായെന്ന് തോന്നുന്നു(തല്‍ക്കാലത്തേയ്ക്ക്).
'നമുക്കടുത്തേതില്‍ നോക്കാമെന്നേ...'
സമാധാനിപ്പിക്കുവാന്‍ എന്തെന്തുവാക്കുകള്‍. ഒരു പഞ്ഞവുമില്ല.
കളികാണുന്നവനെന്തു പറഞ്ഞുകൂടാ, കളിക്കുന്നത് അവനല്ലല്ലോ...
കഴിഞ്ഞതവണത്തേതുപോലാകരുതെന്ന് കരുതി ഇപ്രാവശ്യം സിലബസിലേക്ക് കുറച്ചുകൂടിയിറങ്ങി മുങ്ങിത്തപ്പി.
നാളെ അവസാനമല്ല(പരീക്ഷകളുടെ/ലോകത്തിന്‍റെ).
എങ്കിലും മനുഷ്യമനസ്സല്ലേ, അത് വെറുതേ മോഹിക്കും.
'കിട്ടും, ഈ പരീക്ഷയില്‍ കിട്ടാതിരിക്കില്ല'.
വേവലാതികള്‍ മാറ്റിവെച്ച് ഒന്നുറങ്ങുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.
ഇത് ഒരുതരം സംശയമാണ്, തന്‍റെ ആവനാഴിയില്‍ ഒരുക്കിവെച്ചിരിക്കുന്ന അസ്ത്രങ്ങള്‍ ഈ യുദ്ധത്തിന് പര്യാപ്തമാണോ എന്ന സംശയം.
സമയം 12.45
എത്രപെട്ടെന്നാണ് സമയം പോകുന്നത്.
കാത്തിരുന്ന ആളെത്തി.
ചുമരില്‍ എന്നെനോക്കി ചിരിക്കാതിരിക്കുന്ന ആ മുതലയെനോക്കി ഞാന്‍ വായ് തുറന്നു.
ഉറങ്ങാന്‍ തുടങ്ങുകയാണ്.
നാളെയെപറ്റിയുള്ള പ്രതീക്ഷകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അല്പം വിശ്രമം നല്‍കി ഒരു സുഖനിദ്ര.
'സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതെല്ലാം നല്ലതിന് ഇനി സംഭവിക്കുന്നതും നല്ലതിന്'
എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാന്‍ കണ്ണുകളടച്ചു.


ഏടുകള്‍

ചിതറിയ മഴനീര്‍ക്കണങ്ങള്‍തന്‍ ഭേരിയില്‍
അമര്‍ന്നിടുമെന്‍ അശ്രുബിന്ദുക്കളെ,
നല്‍കുക മാപ്പുനിങ്ങള്‍ തന്‍ പതനത്തിന്‍
ഹേതുവാം എന്നുടെ കര്‍മ്മത്തിനായ്...

എന്തിനെന്നറിയില്ല സ്വീകരിച്ചന്നു ഞാന്‍,
ആ പാതയിലൂടെ പഥയാത്രചെയ്കേ;
കണ്ടു ഞാന്‍ മനുഷ്യനില്‍ സ്പുരിച്ചിടും
സത്യധര്‍മ്മത്തിനാധാരമാം ഏടുകളെ.

ഒരുവേള ശിലയായ് മാറിഞാന്‍ നില്‍ക്കവേ,
അവ മൂന്നായ് പിരിഞ്ഞു എന്‍ മുന്നിലായി.
പിന്നിലായ് ആരോ മൊഴിഞ്ഞിടും വാക്കുകള്‍,
എന്നിലെ എന്നെ ഉണര്‍ത്തീടവേ;

നിറഞ്ഞിടും നേത്രത്തില്‍ പൊഴിഞ്ഞിടും കണ്ണുനീര്‍,
കഴുകി എന്‍ ഹൃത്തിനെ ശുദ്ധിയാക്കി.
ശുദ്ധമാം മനമോടെ മിഴികള്‍ തുറക്കവേ,
കണ്ടില്ല ഞാനാ ഏടുകളെ....

മനുവിന്‍റെ മക്കള്‍തന്‍ സൃഷ്ടികളായിടും
അവയിലെ തത്ത്വങ്ങള്‍ വിസ്മരിക്കേ;
നിറഞ്ഞിടുന്നെന്നിലായ് ഏകമാം ലോകവും
അതിനാധാരമാം ആ ഏക ചൈതന്യവും.

അസൂയ

വാതില്‍ തുറന്ന് അയ്യാള്‍ ഹാളിലെത്തി. കുട്ടികളുടെ അമ്മ 24ഇഞ്ച് എല്‍.സി.ഡി ടിവിയ്ക്കു മുന്നിലാണ്. ഉഗ്രരൂപിണിയായ ഭാര്യയുടെ മുന്നില്‍ കരഞ്ഞുനില്‍ക്കുന്ന ഏതോ ഭര്‍ത്താവിന്‍റെ ദു8ഖം അവളുടെ കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ സൃഷ്ടിച്ചിരിക്കുന്നത് അയ്യാള്‍ പുഞ്ചിരിയോടെ നോക്കിനിന്നു. സ്വന്തം ഭര്‍ത്താവിന്‍റെ സാമിപ്യം പോലുമറിയാതെ സങ്കടപ്പെടുന്ന അവളോട് അയ്യാള്‍ക്ക് സഹതാപം തോന്നി. പാതിതുറന്ന വാതിലിലൂടെ പുസ്തകങ്ങള്‍ക്കിടയില്‍ അക്ഷരങ്ങളോട് മല്ലിടുന്ന മകന്‍റെ ദയനീയത അയ്യാളെ സ്വന്തം മുറിയിലേയ്ക്ക് നയിച്ചു. ഷവറിനുകീഴില്‍ വിലകൂടിയ എണ്ണതേച്ചുകുളിക്കവേ ആറുമാസം മുന്‍പ് വരെ അമ്മയുടെ കയ്യില്‍നിന്നും ഫ്രീയായികിട്ടിയിരുന്ന കാച്ചിയവെളിച്ചെണ്ണ തനിക്കുനല്‍കിയിരുന്നത് എത്രരൂപയുടെ ലാഭമായിരുന്നുവെന്ന് അയ്യാള്‍ വെറുതെ കണക്കുകൂട്ടി. അടച്ചിരുന്ന മൂടിമാറ്റി മധുരവും ചൂടുമില്ലാത്ത പാല്‍കുടിക്കവേ അയ്യാളുടെ കണ്ണുകള്‍ ചുമരില്‍ സ്ഥാനമുറപ്പിച്ച ആ ക്ലോക്കിലുടക്കി. ഇനിയും അരമണിക്കൂറാകും അവളെത്തുവാന്‍. തന്‍റെ മൊബയിലിലെ ആപ്ലിക്കേഷനില്‍ ശുഭരാത്രിനേര്‍ന്ന മുഖമില്ലാത്ത സൌഹൃദങ്ങള്‍ക്ക് സെയിംടുയൂ നല്‍കി അയ്യാള്‍ ലോഗ്ഔട്ട് ചെയ്തു. സ്വപ്നങ്ങളില്ലാത്ത ഒരു ഉറക്കത്തെ പ്രതീക്ഷിച്ച് കിടക്കയില്‍ ഒറ്റക്കാകുന്‍പോഴും അവള്‍ കരയുകയായിരുന്നു, ഏതോ മകള്‍ക്കുവേണ്ടി, ഏതോ ഭാര്യക്കുവേണ്ടി. അയ്യാള്‍ക്കെന്തുകൊണ്ടോ അവരോട് ഒരസൂയതോന്നി എന്തെന്നില്ലാത്തൊരസൂയ...

ദൃക്സാക്ഷി

വിജനവീഥിയില്‍ പ്രകാശം വിതറിനിന്ന ആ എ.ടി.എം കൌണ്ടറിന് അല്പം മാറി ആ ബൈക്കിനരികെ അവള്‍ നിലയുറപ്പിച്ചു. സ്ട്രീറ്റ് ലൈറ്റിന്‍റെ അരണ്ടവെളിച്ചത്തില്‍ ആ നിഴലുകള്‍ തനിക്കടുത്തേയ്ക്ക് നീങ്ങുന്നത് ഹെഡ്സെറ്റില്‍ ഒഴുകിയിരുന്ന വെസ്റ്റേണ്‍ സംഗീതത്തിന്‍റെ പ്രഭാവത്തില്‍ അവള്‍ അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി തന്‍റെ ചുമലിലമര്‍ന്ന ഏതോ കരങ്ങള്‍ അവളെ തന്‍റെ ബോധമണ്ഡലത്തിലേയ്ക്ക് തിരികെ നയിച്ചപ്പോഴേക്കും ആ നിഴലുകള്‍ അവളെ വളഞ്ഞിരുന്നു. അല്പ സമയത്തിന് മുന്‍പ് താന്‍ കണ്ട സെക്കന്‍റ് ഷോ സിനിമയിലെ നായകന്‍റെ പരിവേഷത്തോടെ എ.ടി.എം കൌണ്ടറില്‍ എന്‍റെര്‍ ചെയ്ത തുകക്കായി കാത്തുനില്‍ക്കുന്ന തന്‍റെ നായകനും ആ നിഴലുകളില്‍ നിന്നും തന്നെ രക്ഷിക്കുമെന്ന് കരുതിയാകാം അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു.  ആ മിഷ്യനില്‍ നിന്നും പുറത്തേയ്ക്ക് വന്ന ആയിരത്തിന്‍റെ നോട്ടുകള്‍ വലിച്ചെടുത്ത് റസീപ്റ്റിനായി കാത്തുനില്‍ക്കാതെ ഇരുട്ടിന്‍റെ മറവിലേയ്ക്ക് അവളെ വലിച്ചിഴക്കുവാന്‍ തുടങ്ങിയ ആ നിഴലുകള്‍ക്ക് നേരെ അയ്യാള്‍ ഓടിയെടുത്തു. ഫാസ്റ്റ് ഫുഡ്ഡിന്‍റെയും ടിന്‍ ഫുഡ്ഡിന്‍റെയും ആരോഗ്യത്തില്‍ ചുവന്നുതുടുത്ത നായകന്‍ നിഴലുകളുടെ മര്‍ദ്ദനമേറ്റ് ചോരതുപ്പികിടക്കവേ അവളും ആയിരത്തിന്‍റെ നോട്ടുകളും അയ്യാളില്‍ നിന്നും അപഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ വഴിയരികിലെ കടവരാന്തയില്‍ തന്‍റെ പുതപ്പിനുള്ളില്‍ പൂണ്ടുകിടന്ന മറ്റൊരുവന്‍ നിഴലുകളെ പിന്‍തുടര്‍ന്നതും അവര്‍ക്കൊപ്പമെത്തിയതും അവര്‍ അറിഞ്ഞിരുന്നില്ല. ബോധമറ്റ അവളിലേയ്ക്ക് ഓരോനിഴലുകള്‍ അടുക്കുമ്പോഴും അവന്‍റെ കൈയ്യിലെ മോഷണമുതലിലെ വീഡിയോ റെക്കോര്‍ഡിംഗ് ഓണായിരുന്നു.  പിറ്റേദിവസം അവളുടെ ശരീരം മോര്‍ച്ചറിയിലെ സ്ട്രക്ച്ചറില്‍ അവസാനയാത്രക്കു തയ്യാറാകുമ്പോള്‍ അവനാദൃശ്യങ്ങള്‍ ഫെയ്സ് ബുക്കിലേയ്ക്ക് അപ്പ് ലോഡ് ചെയ്യ്തു ലൈക്കുകളും കമന്‍റുകളും നേടുവാന്‍. ഒടുവില്‍ രണ്ട് ദിനങ്ങള്‍ക്ക് ശേഷം അവളുടെയും മനോനിലതെറ്റി ആത്മഹത്യചെയ്ത അവളുടെ നായകന്‍റെയും ചിതകള്‍ എരിയുമ്പോള്‍ അവനും ഒരു യാത്രക്കൊരുങ്ങുകയായിരുന്നു തസ്കരഭാവമുപേക്ഷിച്ച് പുതിയ ഭാവത്തില്‍ നിയമപാലകരുടെ അകമ്പടിയോടെ, നിഴലുകളെ കണ്ടെത്തി അവര്‍ക്കു നല്‍കേണ്ട വധശിക്ഷയെ ജീവപര്യന്തമാക്കി തിരിച്ചെത്തുവാനുള്ള യാത്രയില്‍. അവന്‍റെ പുതിയ ഭാവത്തെ നിഴലുകള്‍ പതിയിരിക്കുന്ന ആ സമൂഹം ഇങ്ങനെ വിളിച്ചു : "ദൃക്സാക്ഷി".
‍‍

എന്‍റെ കഥ

കത്തിയമര്‍ന്നു മമഹൃത്തിലായി
നഷ്ടസ്വപ്നങ്ങള്‍ തന്‍ എരിയും ചിത.
വലിച്ചെറിഞ്ഞു ഞാന്‍ ദൂരത്തായ്
എന്നുടെ ജീവിതസത്വത്തിനെ...
ചിരിച്ചു മാനവര്‍ ആ കാഴ്ചയില്‍,
ആര്‍ത്തു കരഞ്ഞു എന്‍ സൃഷ്ടിതന്‍ കാരകന്‍.
പശ്ചാത്തപിച്ചു എന്‍ ബാഹ്യരൂപം,
പൊട്ടിച്ചിരിച്ചു എന്‍ അന്തരംഗം.
നീറുമെന്‍ വേദനമാറ്റി ഞാനെന്‍
സുഖകരമാമൊരു അനുഭൂതിയായ്...
കാലത്തിന്‍ കരമതില്‍ ഏറ്റുവാങ്ങും
എന്നുടെ കഥയിലെ ഏടുകളും,
തുടര്‍ന്നിടും വര്‍ത്തമാനത്തിലും
പ്രതിഫലനത്തിന്‍ സ്പുരണമാകും

റൂം നമ്പര്‍ 19

തന്‍റെ മുന്നിലൂടെ ഒഴുകിയകലുന്ന ആ ദൃശ്യങ്ങളില്‍ മിഴികളുറപ്പിക്കുവാന്‍ എന്തുകൊണ്ടോ അയ്യാള്‍ക്കായില്ല. മനസ്സ് ശാന്തമല്ല, ചിന്തകളുടെ വേലിയേറ്റത്താല്‍ അത് കലുഷിതമായിരുന്നു. ഒരിക്കലും ഇവിടേയ്ക്കില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷേ അവിടെയ്ക്കുതന്നെയാണ് ഈ പ്രയാണം. അമ്മയുടെ കൈയ്യിലെ ആ ചോറുരുളയ്ക്കുനേരെ മുഖം തിരിക്കുന്നതുപോലെ വേണ്ട എന്ന് പറഞ്ഞ് താന്‍ ആ  ശക്തിക്കുനേരെ പലവട്ടം മുഖം തിരിച്ചിട്ടുണ്ട്, കാലമെന്ന തുടര്‍ക്കഥയെ തന്‍റെ തൂലികയാല്‍ രചിച്ചുകൊണ്ടിരിക്കുന്ന ആ ശക്തിക്കുനേരെ. ആദ്യം അമ്മയ്ക്കുനേരെ അതിലൂടെ തന്‍റെ വിശപ്പിനാശ്വാസമാകാനുള്ള അന്നത്തിനുനേരെ പിന്നെ സ്വജീവനെ തന്നെ തനിക്കര്‍പ്പിച്ച് തന്‍റെ സ്നേഹത്തിനായി യാചിച്ചവള്‍ക്ക് നേരെ, പിന്നെ പലര്‍ക്കുംനേരെ... അഹങ്കാരത്തോടെ... അറിഞ്ഞിരുന്നില്ല തനിക്കായി ആ ശക്തി കനിഞ്ഞു നല്‍കിയ സൌഭാഗ്യമായിരുന്നു അവയെന്ന്. തിരിച്ചറിഞ്ഞപ്പോഴേക്കും കാലം കാത്തുനിന്നില്ല. അര്‍ഹനല്ലെന്ന് തിരിച്ചറിവിനാലാകാം അപ്പോഴേക്കും തന്നില്‍ നിന്നവയെ തിരിച്ചെടുത്തിരുന്നു.
ചിലര്‍ അങ്ങനെയാണ് തനിക്കുകിട്ടിയ ജീവിതത്തെ വെറുതെ ജീവിച്ചുതീര്‍ക്കുന്നു, നിയോഗങ്ങളും അടയാളങ്ങളും തിരിച്ചറിയാതെ ആയുസ്സുപൂര്‍ത്തിയാകുവാനായി മാത്രം. എന്നാല്‍ തന്‍റെ ലക്ഷ്യം തിരിച്ചറിയുന്നവന്‍ ജീവിക്കുകയല്ല ജീവിപ്പിക്കുകയാണ് തന്‍റെ ആത്മാവിന്‍റെ നിഴല്‍തട്ടി മോക്ഷം നേടുവാന്‍ കാത്തിരിക്കുന്ന ജന്മങ്ങളെ. തനിക്കുമുണ്ടായിരുന്നു ഒരു നിയോഗം സ്നേഹത്തിന്‍റെ അര്‍ത്ഥവും ശുദ്ധിയും പകര്‍ന്നുതന്ന് ജീവിതമെന്ന സമസ്യക്കുത്തരം തേടുവാന്‍ തനിക്കുവീണുകിട്ടിയ ഈ ജന്മത്തിന് കൂട്ടായവര്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും അര്‍ത്ഥം നല്‍കുക. പക്ഷേ ജീവിതമെന്ന ആ അനന്തതയെ പറ്റിയുള്ള അജ്ഞതയായിരിക്കാം തന്‍റെ കണ്ണുകളെയും കാതുകളെയും മൂടിക്കെട്ടിയത്. ദിശതെറ്റി ഒരുപാടലഞ്ഞു. ക്ഷണികജീവിതത്തിന്‍റെ കാതലറിഞ്ഞവര്‍ ബുദ്ധിമാന്‍മാരായിരുന്നു. അവര്‍ വീണുകിട്ടിയ ആയുസ്സിന്‍റെ ഓരോ നിമിഷത്തെയും അര്‍ത്ഥവര്‍ത്താക്കി ജീവിക്കുവാന്‍ ശ്രമിച്ചു. ചിലര്‍ വെറുതേ കാലത്തെ തള്ളിനീക്കി.... താനോ??? ആ ശക്തിയുടെ കണ്‍കെട്ടുവിദ്യമാത്രമായ ഈ പ്രപഞ്ചത്തില്‍ തന്‍റെ പരമാണുവിനെ നിലനിര്‍ത്തുവാന്‍ തന്‍റെ മസ്തിഷ്കത്തിനാകുമെന്ന് അഹങ്കരിച്ചു. മനുഷവികാരങ്ങളെ മാറ്റിനിര്‍ത്തി ചിരഞ്ജീവിയെന്ന അത്ഭുത ജന്മമാകാനുള്ള പ്രയത്നമായിരുന്നു. ശാസ്ത്രങ്ങള്‍ ജയിക്കാം പക്ഷേ മനുഷ്യന്‍??? മത്സരമായിരുന്നു ജയിക്കാന്‍വേണ്ടിമാത്രമുള്ളൊരു മത്സരം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തുടങ്ങി തുടര്‍ന്നുകൊണ്ടിരിക്കുന്നൊരു മത്സരം. എന്തിനുവേണ്ടിയെന്നറിയാത്തൊരു മത്സരം, താനും മത്സരിച്ചു. ചിരഞ്ജീവിയാകുവാന്‍... ഒടുവില്‍ ജീവനാധാരമായ ആ പദസഞ്ചയത്തെ തന്‍റെ ശാസ്ത്രതത്താല്‍ നിര്‍മ്മിച്ചപ്പോഴും താന്‍ കരുതി ആ ശക്തിക്ക് നേര്‍ക്കുനേര്‍ നില്‍ക്കുവാന്‍ താനും യോഗ്യനായെന്ന്. പക്ഷേ... കാലം മനുഷ്യനെ ആ പരമപീഠത്തെ ദര്‍ശിക്കുവാന്‍പോലും അനുവദിക്കില്ലെന്നയാഥാര്‍ത്ഥ്യം താന്‍ വിസ്മരിച്ചു. ഒടുവില്‍ ഏതോ സമുദ്രത്തിന്‍റെ ആഴങ്ങളില്‍ പുതഞ്ഞുകിടന്ന ആ വസ്തു തന്നെയും തന്‍റെ കണ്ടുപിടുത്തത്തെയും താന്‍ ചവിട്ടിനിന്ന മണ്ണിനെയും ചാരമാക്കിയപ്പോള്‍ അറിഞ്ഞു ആ മാന്ത്രികന്‍ തന്‍റെ മുന്നില്‍ കാട്ടിതന്ന ആ കണ്‍കെട്ടുവിദ്യ അവസാനിച്ചുവെന്ന്. ഇപ്പോള്‍ യാത്രയിലാണ്, പിന്നിട്ട വഴികളിലെവിടെയോവച്ച് ആരോ കൈയ്യില്‍തിരുകിയ ഒരു ടിക്കറ്റുമാത്രമാണ് തന്നില്‍ അവശേഷിക്കുന്നത്. പടുകൂറ്റന്‍ കെട്ടിടങ്ങളോ യന്ത്രനിര്‍മ്മിതങ്ങളായ വാഹനങ്ങളോ കാണുവാനില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത എന്തൊക്കെയോ കാഴ്ചകള്‍. ഒടുവില്‍ സ്ഥലമെത്തി, ഒരു പടുകൂറ്റന്‍ കവാടം മുന്നില്‍ നില്‍ക്കുന്ന സെക്യൂരിറ്റി ടിക്കറ്റുകള്‍ പരിശോധിച്ചു. സ്വര്‍ഗ്ഗം, Room No:19 . ടിക്കറ്റ് തിരികെ നല്‍കികൊണ്ട് അയ്യാള്‍ പറഞ്ഞു. അതുകേള്‍ക്കവേ അയ്യാളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ഇവിടെയും താന്‍ പരാജയപ്പെട്ടിരിക്കുന്നു. തന്‍റെ കണക്കുകൂട്ടലുകളെ ആ ശക്തി വീണ്ടും തെറ്റിച്ചിരിക്കുന്നു.....


കഥയും കഥാപാത്രവും

ഞാന്‍ ജന്മമെടുത്തപ്പോള്‍ തന്നെ അയ്യാള്‍ എനിക്കായി പ്രാരാബ്ദങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഒരു ഭാണ്ഡം സമ്മാനിച്ചിരുന്നു. ജീവിതത്തിന്‍റെ വൈവിധ്യരുചികള്‍ പകര്‍ന്ന് എന്നിലെ ഭാവങ്ങളെ പലപ്പോഴായി അപഹരിച്ചു. എനിക്കായ് തെളിച്ചവഴികളിലൂടെ അനുസരണയോടെ ഞാന്‍ നടന്നു. സ്വന്തമെന്ന് പറയുവാന്‍ മുതലായത് മനുഷ്യനെന്ന മുദ്രയും അതിലെ സത്വങ്ങളും മാത്രം. ഒടുവില്‍ കര്‍മ്മങ്ങളും കര്‍മ്മ ഫലങ്ങളും ഏറ്റുവാങ്ങുമ്പോള്‍ കാണികളില്‍ നിറഞ്ഞത് അനുകമ്പയുടെയും സഹതാപത്തിന്‍റെയും ഭാവങ്ങളായിരുന്നു. ജന്മനിയോഗത്തിന്‍റെ ധര്‍മ്മശാസ്ത്രത്തെ കൂട്ടുപിടിച്ചവയില്‍ തൃപ്തനാകുവാന്‍ തുനിയവെ അയ്യാള്‍ എനിക്കായി പുതിയൊരു മേലങ്കി നല്‍കി. വിധിയുടെ വിളയാട്ടങ്ങളില്‍ അടിച്ചമര്‍ത്തലിന്‍റെ അഗ്നിയില്‍ സ്ഫുടം ചെയ്ത ഒരു മറുപിറവിയുടെ വേഷം... ആ പിറവി മനുഷ്യരക്തത്തെ തന്‍റെ വാള്‍മുനയില്‍ ചിന്തിയെടുക്കവേ അയ്യാള്‍ തൂലിക നിലത്തുവെച്ച് തന്‍റെ സൃഷ്ടി പൂര്‍ത്തീകരിച്ചു... ഒടുവില്‍ അപൂര്‍ണ്ണ ജന്മമായ്  ഞാന്‍ മാത്രം അവശേഷിക്കവേ അയ്യാള്‍ വീണ്ടും മഷിയെടുത്തു, മറ്റൊരു പാത്രസൃഷ്ടിക്കായി.... തന്‍റെ തൂലിക നിറയ്ക്കുവാന്‍...

കുറ്റവാളി

ഗെയ്റ്റ് തുറന്ന് മുറ്റത്തേയ്ക്ക് കയറവേ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല. കുശലമന്വേഷിക്കാന്‍ അയല്‍വീട്ടിന്‍റെ ഉമ്മറത്തിരിക്കുന്ന വല്യപ്പനോ സയാഹ്ന സവാരിക്കിറങ്ങി തിരികെ എത്തുന്ന സൌഹൃദങ്ങളോ അയ്യാള്‍ക്കായി അവിടെ ഉണ്ടായിരുന്നില്ല. എല്ലാവരും തിരക്കിലാണ്. സ്ത്രീജനങ്ങള്‍ ടെലിവിഷനും കുട്ടികള്‍ കപ്യൂട്ടറിനും മുന്നില്‍ അപ്പോഴേക്കും സ്ഥാനമുറപ്പിച്ചിരുന്നു. ബാക്കിനിന്ന പുരുഷകേസരികള്‍ പത്രങ്ങളും പുസ്തകങ്ങളും അതുമല്ലേല്‍ ലാപ്ടോപ്പുകളുമായി തങ്ങളുടെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നു.
നഗരജീവിതത്തിന്‍റെ നിസ്സംഗത...
സിറ്റൌട്ടിലേയ്ക്ക് കയറി ലൈറ്റിട്ട് അയ്യാള്‍ വാച്ചിലേയ്ക്ക് നോക്കി, സമയം ഏഴാകുന്നു. തൃസന്ധ്യക്ക് ഉമ്മറത്ത് വിളക്കില്ലേല്‍ മൂധേവികയറുമെന്ന മുത്തശ്ശിയുടെ വാക്കുകള്‍ അയ്യാള്‍ ഓര്‍ത്തു. വാതില്‍തുറന്ന് അകത്തുകയറി അയ്യാള്‍ എല്ലാ ലൈറ്റുകളും തെളിയിച്ചു. വല്ലാത്ത ക്ഷീണം, ഫാനിന്‍റെ ചെറിയശബ്ദത്തോടെയുള്ള കറക്കം നോക്കി അയ്യാള്‍ അല്പനേരം ആ സോഫയിലിരുന്നു. ശരീരത്തിന്‍റെ ക്ഷീണം വിശപ്പായി പരിവര്‍ത്തനം ചെയ്യവേ അയ്യാള്‍ അവിടെനിന്നുമെണീറ്റ് ഹാളിന്‍റെ കോണിലിരുന്ന ഫ്രിഡ്ജിനടുത്തേയ്ക്ക് നടന്നു. പൊട്ടിക്കാതിരുന്ന ഒരു കവര്‍ ബ്രഡ്ഡും 2 പഴവുമായി അയ്യാള്‍ പൂര്‍വ്വസ്ഥാനത്ത് തിരിച്ചെത്തി. നെയ്യ് പുരട്ടി ദോശകല്ലിലിട്ട് അല്പം ചൂടുതട്ടിച്ചുവെങ്കില്‍ അല്പംകൂടി മയവും സ്വാദും ഉണ്ടാകുമായിരുന്നുവെന്ന് അയ്യാള്‍ ഓര്‍ത്തു. പക്ഷേ അതിനുള്ള സമയമില്ല ഇപ്പോള്‍ പുറപ്പെട്ടാലെ സമയത്തിനവിടെത്തുവാന്‍ കഴിയു. തന്‍റെ വരവിനായ് അവിടെ കാത്തിരിക്കുന്നവരുടെ മുഖങ്ങളോര്‍ക്കേ അയ്യാളിലെ വിശപ്പ് കെട്ടടങ്ങി. ബാക്കിയായവ ഫ്രിഡ്ജില്‍ തിരികെവച്ച് അല്പം വെള്ളം കുടിച്ച് അയ്യാള്‍ മുറിയിലേയ്ക്ക് കടന്നു. അലമാരയിലെ ചെറിയ അറയിലിരുന്ന കാശില്‍ നിന്നും രണ്ടുലക്ഷത്തിഇരുപത്തയ്യായിരം എടുത്ത് ബാക്കി ഭദ്രമായി തിരികെവച്ചു. ലൈറ്റുകളണച്ച് അയ്യാള്‍ വാതില്‍പൂട്ടി വീടിനു പുറത്തേയ്ക്കിറങ്ങി. റയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ ട്രെയ്ന്‍ എത്തിയിരുന്നില്ല. വൈകിയെത്തുന്ന അതിനായി അയ്യാള്‍ കാത്തിരുന്നു.

ഓപറേഷന്‍ കഴിഞ്ഞു. ദൈവമെന്നുവിളിക്കപ്പെടുന്ന ആ അദൃശ്യശക്തിയുടെ അവസരോചിതമായ ഇടപെടലുകളാല്‍ ആ കുരുന്നു ജീവനെ പിടിച്ചുനിര്‍ത്തുവാനായി. ഇനി ഭയപ്പെടുവാനൊന്നുമില്ല. വൈകികിട്ടിയ സായാഹ്നപത്രം അയ്യാള്‍ നിവര്‍ത്തി, പീഢനങ്ങളും പോര്‍വിളികളും കുറ്റകൃത്യങ്ങളുമല്ലാതെ ഒന്നുംതന്നെ അവയിലുണ്ടായിരുന്നില്ല. നിവര്‍ത്തിയ പത്രം വീണ്ടും മടക്കി അതിരുന്നിടത്തുതന്നെ അയ്യാള്‍ തിരികെവച്ച് മുന്നില്‍ നീണ്ടുകിടന്ന ഹോസ്പിറ്റല്‍ വരാന്തയിലൂടെ പുറത്തേയ്ക്ക് നടന്നു.
കഴിഞ്ഞ പ്രഭാതത്തില്‍ തനിക്കൊപ്പം യാത്രചെയ്ത ആ മനുഷ്യനില്‍ നിന്നും താനറിഞ്ഞ വസ്തുതകളും അയ്യാള്‍ പോലുമറിയാതെ വിധിതനിക്കുമുന്നിലിട്ടുതന്ന താക്കോല്‍ കൂട്ടങ്ങളും തന്‍റെ നിസ്സഹായവസ്തയും ഒരു ബിന്ദുവില്‍ ഒരുമിച്ചെത്തവേ താനെത്രവേഗത്തിലാണ് ഒരു കുറ്റവാളിയായി മാറിയതെന്ന് അയ്യാള്‍ അത്ഭുതത്തോടെ ഓര്‍ത്തു. തന്‍റെ ജീവിതത്തിലെ ആദ്യത്തെമോഷണം അത് ആരുതന്നെ ഇതുവരെയും അറിഞ്ഞിട്ടില്ല. പക്ഷേ ഒരാഴ്ചത്തെ ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ അയ്യാള്‍ അത് അറിയും. ചിലപ്പോള്‍ താന്‍ പിടിക്കപ്പെട്ടന്നുവരാം അല്ലെങ്കില്‍ മറിച്ചും സംഭവിക്കാം.  "ആരും കുറ്റവാളികളായി ജനിക്കുന്നില്ല സാഹചര്യങ്ങളാണവനെ അങ്ങനെയാക്കിമാറ്റുന്നത്." പൊടി അടിച്ചുപഴകിയ ആ തത്ത്വം സ്വന്തം മനസ്സിന്‍റെ സമാധാനത്തിനായ് അയ്യാള്‍ ചികഞ്ഞെടുത്തുരുവിട്ടു. ആരുടെ മുന്നിലും തുറന്നുകാട്ടാനാകാത്ത തന്‍റെ പ്രവര്‍ത്തിയുടെ ന്യായാന്യായങ്ങള്‍ അളന്നുകൊണ്ട് അയ്യാള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. അപ്പോഴേയ്ക്കും അടുത്ത പ്രഭാതത്തിനായി സൂര്യന്‍ തന്‍റെ പടിഞ്ഞാറന്‍ ചക്രവാളത്തിലേയ്ക്ക് മറഞ്ഞിരുന്നു.

കാത്തിരിപ്പ്

ഉണര്‍ന്നുദയ സൂര്യാംശുതന്‍ കിരണ സ്പര്‍ശത്താല്‍
മിഴികള്‍ തുറന്നു ഞാന്‍ നോക്കിമെല്ലെ.
അകലെയായ് മായുമെന്‍ അര്‍ദ്ധമാം സ്വപ്നത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നീടവേ.
കണ്ണില്‍ പ്രതീക്ഷതന്‍ നനവിന്‍ ഒരുകണം
അറിയാതെയെങ്ങോ അടര്‍ന്നിടുന്നു.
ഇലകള്‍ പൊഴിയുമെന്‍ വിജനമാം വീഥിയില്‍,
നിന്‍റെ കാലൊച്ചക്കു കാതോര്‍ത്തുഞാന്‍.
ഋതുക്കള്‍ മാറുന്നു കാലം കൊഴിയുന്നു,
ഉദയാസ്തമയങ്ങള്‍ തുടര്‍ന്നിടുന്നു.
ഒരു വാക്കുമൊഴിയാതെ നീ വിടപറഞ്ഞൊ-
രാല്‍മരച്ചോട്ടിലിന്നും ഞാന്‍ കാത്തുനില്‍പ്പു.
മിടിക്കുമെന്‍ ഹൃദയതാളത്തിലെങ്ങോ
പതിഞ്ഞൊരു ഗാനം ഒഴുകിടുന്നു.
ഇത് വെറും വാക്കല്ല പൊയ്കഥയുമല്ല,
കൂരിരുള്‍ തേടും പ്രകാശമല്ല.
എന്നിലമരാതെ ജ്വലിച്ചിടും അഗ്നിയാണ്,
എന്‍റെ ജീവന്‍റെ സത്യമാം പ്രണയമാണ്.
പറയുവാനേറെയുണ്ടായിരുന്നെനിക്കന്ന്,
പറയുവാനാകാതെ ഞാനുഴറിനിന്നു.
അകലുമെന്നറിവോടെ അരികത്തായെത്തവേ
മൌനത്തിന്‍ മുഖപടം ഞാനണിഞ്ഞു.
വാചാലമായൊരെന്‍ മിഴികളില്‍ മിന്നുമെന്‍
വാക്കുകള്‍ നീയറിയുവാന്‍ ഞാന്‍ കൊതിച്ചു.
എന്നിട്ടുമെന്നെയും എന്നിലെ സത്യവും
അറിയാതെ നിയെന്നെയകന്നുപോയി.
ഇനിയും അപൂര്‍ണമാം എന്നുടെ സ്വപ്നവും
എന്നിലെ പ്രതീക്ഷയും ബാക്കിനില്‍ക്കേ,
തീരാത്തൊരെന്‍ ഹൃദയാക്ഷരങ്ങളിലെന്നും
തേടുന്നു നിന്നെ ഞാനൊരേകാകിയായ്....

വേഗതകൂടുമ്പോള്‍

"മിത്രാ....."
ശ്രീദേവി ടീച്ചറുടെ ശബ്ദം അവളുടെ കാതുകളില്‍ മുഴങ്ങികേട്ടു.
ഇല്ല, ഇത് മലായാളം ക്ലാസ്സല്ല മുന്നില്‍ ടീച്ചറുമില്ല. ഓര്‍മ്മകളുടെ അതിപ്രസരണത്തില്‍ തന്‍റെ മനസ്സിന്‍റെ വിഭ്രാന്തി സൃഷ്ടിച്ച ശബ്ദവീചികള്‍മാത്രമായിരുന്നു അതെന്ന് അവളുടെ ബോധമനസ്സ് തിരിച്ചറിഞ്ഞു. താന്‍ മറ്റെവിടെയോ ആണ്. കണ്ണുകള്‍ പതിയെതുറന്ന് മുന്നിലേയ്ക്ക് നോക്കി വെളുത്തനിറം മാത്രം. ആ ചുമരുകള്‍ അവളുടെ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് നില്‍ക്കുന്നു. ശരീരത്തിലെവിടെയോ ഒരു വേദന അവള്‍ക്കനുഭവപ്പെട്ടു. കൃത്യമായ സ്ഥാനം നിര്‍ണ്ണയിക്കുവാനാകുന്നില്ല. ഏതോ ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നു വേദന മൂര്‍ഛിക്കുകയാണ്. അവളുടെ ഞെരുക്കം കണ്ടിട്ടാകാം നേഴ്സ് വേദനയ്ക്കായുള്ളൊരു ഇന്‍ജക്ഷന്‍ നല്‍കി. ഏകദേശം 2 മിനിറ്റുകള്‍ക്കുശേഷം തനിക്കനുഭവപ്പെട്ട വേദന പതിയെ ഇല്ലാതാകുന്നത് അവള്‍ അറിഞ്ഞു. അതുകൊണ്ടാകാം തന്‍റെ ഓര്‍മ്മകളിലേറ്റ ആ പുകമറമാറ്റുവാന്‍ അവള്‍ വീണ്ടും ശ്രമിച്ചത്.
നാലുമണിക്കൂറുകള്‍ക്ക് മുന്‍പ്
'ഇല്ല, ഞാനില്ല മോള്‍ക്ക് പരീക്ഷയാണ്'. അവള്‍ ഫോണിലൂടെ പറഞ്ഞു.
'പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം' മിത്രയെന്ന ഹൈസ്കൂള്‍ അധ്യാപികയെ വാര്‍ത്തെടുത്ത കലാലയത്തിലേയ്ക്ക് ഒരു മടങ്ങിപോക്കിനുള്ള അവസരമാണ്. അവള്‍ വായിച്ചുപഠിച്ച പുസ്തകങ്ങളും അവള്‍ നടന്നുകയറിയ പടിക്കെട്ടുകളും ഇന്നും ആ കലാലയത്തില്‍ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു പക്ഷേ  ഒരാള്‍മാത്രം ഇന്നില്ല, ശ്രീദേവി ടീച്ചര്‍.... ടീച്ചറായിരുന്നു അവള്‍ക്കെല്ലാം. ഗുരു-ശിഷ്യ ബന്ധത്തിലുപരി ടീച്ചര്‍ അവള്‍ക്ക് അമ്മയായിരുന്നു. അവളില്‍ തന്‍റെ പ്രതീക്ഷകളും ആഗ്രഹങ്ങളും കാത്തുവെച്ച് അതിന്‍റെ സാഫല്യത്തിനായി കാത്തിരുന്ന അമ്മ. അവളിലെ സാഹിത്യാഭിരുചികള്‍ കണ്ടെത്തിയതും അവയ്ക്കുവേണ്ട പ്രചോദനങ്ങള്‍ നല്‍കിയിരുന്നതും ടീച്ചറായിരുന്നു. പക്ഷേ അവളെക്കാത്തിരുന്ന ആ തിരക്കുള്ള ജീവിതം തൂലികയെടുക്കുവാനുള്ള ഇടവേളകള്‍ അവള്‍ക്കായി നല്‍കിയില്ല. എന്നിട്ടും അവളിലെ അക്ഷരങ്ങള്‍ മാത്രമവശേഷിച്ചത് ആ ഉദ്യോഗമുള്ളതുകൊണ്ട് മാത്രമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം അവള്‍ക്കും അറിയാമായിരുന്നു. ഒടുവില്‍ ക്യാന്‍സറിന്‍റെ പിടിയിലമര്‍ന്ന് ഈ ലോകത്തോട് വിടപറയവേ ടീച്ചറുടെ മനസ്സാഗ്രഹിച്ചിരുന്നതും അതായിരുന്നു : മിത്രയെന്ന സാഹിത്യകാരി വീണ്ടും അവളില്‍ ജന്മമെടുക്കണമെന്ന്. ആ വിടപറച്ചിലിനായിരുന്നു അവള്‍ അവസാനമായി നാട്ടില്‍ പോയിരുന്നത്.
അടുത്തമാസം ഇരുപത്തിയഞ്ചിനാണ് പരിപാടി പക്ഷേ അന്ന് ഗൌരിക്ക് പരീക്ഷയാണ്. മൂന്നാംക്ലാസ്സിലായെങ്കിലും അവള്‍ക്ക് അമ്മയില്ലാതെ ഒരു ദിവസം പോലും കഴിയാനാകില്ല. അതുതന്നെയായിരുന്നു അവളുടെ അച്ഛന്‍റെ പരാതിയും അവളെന്നും ഒരു അമ്മകുട്ടിയായിരുന്നു. ഗൌരിയെ ഒപ്പംകൂട്ടാന്‍ കഴിയാത്തതിനാലാണ് അവള്‍ വരില്ലെന്ന് അവരെ വിളിച്ചറിയിച്ചത്. മിത്രയെന്ന അമ്മയ്ക്ക് ഇന്ന് എല്ലാം മകളാണ് അവളുടെ സ്വപ്നങ്ങളെല്ലാം ഇന്ന് അവള്‍ മകളിലൂടെയാണ് യാഥാര്‍ത്ഥ്യമായികാണുവാനാഗ്രഹിക്കുന്നതും. ഫോണ്‍ ഓഫ് ചെയ്ത് മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ പച്ചക്കറികളുമെടുത്ത്  ഗൌരിയേയും കൊണ്ട് കാറിനടുത്തേയ്ക്ക് വന്നതുവരെ അവള്‍ ഓര്‍ത്തു. പിന്നെയെന്തായിരുന്നു? തലയിലെ വേദനസമ്മാനിക്കുന്ന സ്റ്റിച്ചുകള്‍ വീണ്ടും വലിഞ്ഞുമുറുകുകയാണ്. എന്തിനെന്നറിയാത്ത ആ മരണവേഗതയില്‍ തന്നെ ഇടിച്ചിട്ട ആ വാഹനം ഗൌരിയേയുംകൊണ്ട് തന്നില്‍നിന്നകലുന്ന ആ ദൃശ്യം അവളുടെ കണ്ണുകള്‍ക്ക് മുന്നില്‍ മിന്നിമറഞ്ഞു. ഏതോ ഉള്‍വിളിയിലെന്നപോലെ ആ കിടക്കയില്‍ നിന്നും മോളെയെന്ന് വിളിച്ചുകൊണ്ട് എണീക്കവേ ആരെല്ലാമോ ചേര്‍ന്ന് അവളെ ആ കട്ടിലിലേയ്ക്ക് ബലമായികിടത്തി. ഒടുവില്‍ ഡോക്ടര്‍ നല്‍കിയ സെഡേഷനില്‍ മിഴികളടയവേ അവള്‍ കണ്ടു, ശ്രീദേവി ടീച്ചറുടെ കൈപിടിച്ച് ഗൌരി പോകുകയാണ് തന്നില്‍ നിന്നും അകലേയ്ക്ക്. മനുഷ്യജീവനുകള്‍ക്ക് വിലകല്‍പ്പിക്കാതെ പായുന്നവര്‍ അപഹരിച്ച ഒരു ജീവിതം മാത്രമായിരുന്നു ഗൌരിയുടെതെങ്കില്‍ ഇതുപോലുള്ള അനേകം ജീവനുകളാണ് ഓരോ നിമിഷവും ഈ ലോകത്തുനിന്നും അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി മിത്രയെപോലുള്ളവര്‍ ജീവിക്കുന്നു...... വേഗതകൂട്ടുവാന്‍ മനസ്സ് ആഗ്രഹിക്കുമ്പോള്‍ ഓര്‍ക്കുക ഓരോ ജീവനും ഓരോ ജീവിതങ്ങളാണ്, ഒരു ജീവന്‍റെ പിടച്ചിലില്‍ നിലയ്ക്കുന്നത് ഒന്നിലധികം ജീവിതങ്ങളുടെ ജീവശ്വാസമാണെന്ന്....

കലിയുഗത്തിലെ അമ്മ

അമ്മേ ജഗത്മാതേ പ്രകൃതീശ്വരീ,
വണങ്ങിനിന്‍ കാലടി സ്പര്‍ശിക്കവേ.
എന്‍ ചിത്തത്തിലുണര്‍ന്നിടും സമസ്യകള്‍ക്കുത്തരം,
നല്‍കി നീ എന്നെ അനുഗ്രഹിച്ചീടുകില്ലേ?

സഹനത്തിന്‍ പര്യായമായ് വാഴ്ത്തി നിന്നെ,
ശാന്ത-സൌമ്യത്തിന്‍ ഭാവമായ് കണ്ടുനിന്നെ.
എന്നിട്ടുമെന്തിനായ് ദംഷ്ട്രകള്‍ നീട്ടി നീ,
സംഹാരരൂപമായ് മാറിടുന്നു.

എന്തിനായ് ഞെരിച്ചു നീ, അന്നമൂട്ടേണ്ട കൈകളാല്‍
നിന്നുടെ തന്‍ പിഞ്ചോമനയേ...
എന്തിനായ് തച്ചുടച്ചു നിന്‍ ചോരതന്‍,
ജീവന്‍റെ ധര്‍മ്മശാസ്ത്രങ്ങളെയും...
എന്തിനായ് അണിഞ്ഞു നീ, നിണപ്പാടുകള്‍ നിന്നുടെ
പവിത്രമാം വാത്സല്യ ഹസ്തങ്ങളില്‍...
എന്തിനായ് നല്‍കിടുന്നു നീ ഹനിക്കുവാനായ്,
നിന്നുടെ കര്‍മ്മഫലത്തിന്‍ ജന്മങ്ങളെ...

അറിയില്ലെനിക്കിതിന്‍ പരമാര്‍ത്ഥമെന്തെന്ന്...

ഇത് ധര്‍മ്മമോ, ധര്‍മ്മ സംസ്ഥാപനമോ?
ഇത് സ്നേഹമോ, സ്നേഹത്തിന്‍ നൂതന രൂപമോ?

മാതാപിതാഗുരുദൈവമെന്നുള്ള തത്ത്വവും തകര്‍ന്നടിഞ്ഞീടവേ,
ഭയക്കുന്നു മക്കള്‍, അമ്മതന്‍ ചിറകിലൊതുങ്ങീടുവാന്‍.
കലികാല വൈഭവമായ് നിന്നില്‍ നിറഞ്ഞിടും,
ഈ കാളകൂടത്തിനുറവിടം കാട്ടിടു നീ....

അമ്മയെന്നുള്ളൊരു സത്യത്തിനേറ്റയീ,
കളങ്കമെങ്ങനെ തുടച്ചിടും നീ.
എന്‍ സമസ്യകള്‍ക്കുത്തരം നല്‍കിടു നീ,
എന്‍റെ ചിത്തത്തെ സ്വസ്തമാക്കിടു നീ.

ജീവിതലക്ഷ്യം

നീണ്ട 20 വര്‍ഷങ്ങള്‍, ഒരിക്കല്‍ പിന്നിലേയ്ക്ക് വലിച്ചെറിഞ്ഞ ആ ക്ഷണക്കത്ത് അയ്യാളുടെ മൂര്‍ദ്ധാവിലൂടെ ഒലിച്ചിറങ്ങിയ ആ ഇടവപ്പാതി മഴയില്‍ ഭൂമിയിലേയ്ക്ക് അലിഞ്ഞില്ലാതായിട്ടുണ്ടാകാം. നഷ്ടബോധത്തിന്‍റെ ഭാരവുംപേറി എവിടേയ്ക്കെന്നറിയാതെ നടന്നുതുടങ്ങിയപ്പോള്‍ ചെന്നെത്തുവാന്‍ ലക്ഷ്യസ്ഥാനങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നില്‍ നിറകണ്ണുകളോടെ തിരികെവിളിക്കുവാന്‍ അമ്മയോ തന്‍റെ കര്‍മ്മത്തെ പഴിക്കുവാന്‍ ഒരച്ഛനോ ഇല്ലാതിരുന്നതിനാലാകാം ചുവടുകള്‍ പിഴക്കുകയോ പിന്നിട്ട പാതയിലേയ്ക്ക് തിരിഞ്ഞു സഞ്ചരിക്കുകയോ ചെയ്തില്ല. അപ്പോള്‍ സ്വന്തമെന്നുപറയുവാന്‍ അവശേഷിച്ചത് അവളോടുള്ള സ്നേഹത്തില്‍ പൊതിഞ്ഞ വെറുപ്പുമാത്രമായിരുന്നു. ആരുമില്ലാത്തവനെ സ്വപ്നങ്ങള്‍കാട്ടി വിഢ്ഢിയാക്കിയ അവളോടുള്ള വെറുപ്പ്. പക്ഷേ ഈ ലോകമെന്തെന്നറിഞ്ഞപ്പോള്‍ അതും അയ്യാളില്‍ നിന്നും അകലെയായി. കണ്ടു പലനാടുകള്‍ സംസ്കാരങ്ങള്‍ ജീവിതങ്ങള്‍. പഠിച്ചു, ഒരുപാട്... അറിവിന്‍റെ ദ്വീപ് വികസിക്കുന്തോറും അത്ഭുതത്തിന്‍റെ തീരരേഖയും വികസിക്കുമെന്നപോലെ പിന്നെയുള്ള യാത്രകളും അന്വേഷണങ്ങളും ആ അത്ഭുതങ്ങള്‍ കണ്ടെത്തുവാനായിരുന്നു. പ്രപഞ്ചത്തെയറിയാന്‍... നശ്വരമായ ലക്ഷ്യങ്ങളില്‍ അലമുറയിടുകയും അട്ടഹസിക്കുകയും ചെയ്യുന്നവര്‍ അയ്യാള്‍ക്ക് മുന്നിലൂടെ ഒഴുകിയകന്നുകൊണ്ടിരുന്നു. ഒടുവില്‍ ആ പുണ്യപാവനജലത്തില്‍ മുങ്ങിനിവരവേ തിരിച്ചറിഞ്ഞു, മനുഷ്യജീവന്‍റെ ലക്ഷ്യം ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുക എന്നതുമാത്രമാണെന്ന്. അതിനുവേണ്ടിയാണ് ഈ മണ്ണില്‍ പിറവികള്‍ ഉണ്ടാകുന്നതെന്നും. ആ യാഥാര്‍ത്ഥ്യമറിയാതെ പഞ്ചേന്ദ്രിയങ്ങളാല്‍ നേടുവാനും പിടിച്ചടക്കുവാനും പായുന്നവര്‍ തന്‍റെ ജന്മനിയോഗം പോലും തിരിച്ചറിയുവാനാകാതെ പഞ്ചഭൂതങ്ങളിലേയ്ക്ക് അലിഞ്ഞില്ലാതാകുന്നു. നാശമില്ലാത്തത് ഒന്നുമാത്രം, അനശ്വരമായതും ഒന്നുമാത്രം : 'പ്രപഞ്ചം'. അതുമാത്രമാണ് ജീവന്‍റെ സത്യവും ലക്ഷ്യവും. ഒടുവില്‍ തന്‍റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് അയ്യാള്‍ ആ പ്രപഞ്ചശക്തിയിലേയ്ക്ക് ലയിച്ചു, മറ്റൊരു പിറവിക്കായി.

കളഞ്ഞുപോയ പുസ്തകം

മെഴുകി പതംവരുത്തിയ നിലത്തിരുന്ന് ആ പുസ്തകത്തിനു പുറംചട്ടയിടവേ ധൃതിയിലായിരുന്നു. നാളെയാണ് ശേഖരണപുസ്തകങ്ങള്‍ക്ക് മാര്‍ക്കിടുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി കണക്കുടീച്ചറുടെ ഇഷ്ടവിദ്യാര്‍ത്ഥിനിയാണ് താന്‍, പക്ഷേ ആ സ്ഥാനം തട്ടിയെടുക്കുവാന്‍ ആ പൂച്ചക്കണ്ണന്‍ ചെക്കന്‍ കുറേനാളായി പഠിച്ച പണി പതിനെട്ടും നോക്കുന്നു. അവസാന മിനുക്കുപണിയിലാണിപ്പോള്‍. രാമുവേട്ടന്‍റെ കടയില്‍ നിന്നും 1രൂപയ്ക്കുവാങ്ങിയ പഴയ ബാലരമകളാണ് തന്നെ പലപ്പോഴും ക്ലാസ്സിലെ സ്റ്റാറാക്കുന്നത്. പുതിയതുവാങ്ങുന്ന കാശിന് അഞ്ചെണ്ണം കിട്ടും, ആവശ്യമുള്ളത് നോക്കിയെടുക്കാം, അവയില്‍ നിന്നാവശ്യമുള്ള ചിത്രങ്ങള്‍ അല്പം ഭംഗിയായി വെട്ടിയെടുത്ത് ഒട്ടിക്കുകയും അതിനല്‍പം വിവരണവും കൂടി നല്കിയാല്‍ മനോഹരമാകും. അവക്കിടയില്‍ നിന്നൊരിക്കല്‍ 2രൂപയ്ക്കു കിട്ടിയൊരു വ്യാകരണപുസ്തകമാണ് കഴിഞ്ഞ മലയാളം പരീക്ഷയ്ക്ക് തുണയായത്. പുറത്ത് പെയ്യുന്ന മഴയാണ് ഈ അസൌകര്യത്തിനെല്ലാം കാരണം. അല്ലേല്‍ വരാന്തയിലെ കൈവരിയിലിരുന്ന് സുഖമായി ഇതൊക്കെ ചെയ്യാമായിരുന്നു. കൈമറിഞ്ഞുകിട്ടിയ ആ മേശപ്പുറത്തുവെച്ചായാലും സൌകര്യമായിരുന്നു പക്ഷേ തുരുമ്പെടുത്ത ആ ഇരുമ്പുകസേരയിപ്പോള്‍ അടുത്ത ആടിമാസവും കാത്ത് പിന്നാമ്പുറത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചവരെ ആ മേശയ്ക്കു കസേരയായി അമ്മാവന്‍റെ ആ വലിയ സ്യൂട്ട്കേസായിരുന്നു ഉപയോഗിച്ചിരുന്നത്, അതിനെയെടുത്ത് കുത്തനെ നിര്‍ത്തിയാല്‍ തനിക്ക് പറ്റിയ കസേരയായിരുന്നു പക്ഷേ അതും ഇപ്പോഴില്ല. അമ്മാവന്‍ അതിനെ എടുത്തുകൊണ്ടുപോയി, വീണ്ടും സഞ്ചാരം ആരംഭിച്ചിരിക്കുകയാണ്. ഇനി കാണണമെങ്കില്‍ ദിവസങ്ങളല്ല വര്‍ഷംപോലുമെടുത്തെന്നുവരും. വിളക്കിലെ അവസാനതുള്ളിയെണ്ണയും വറ്റിത്തീര്‍ന്നപ്പോഴേയ്ക്കും പണികളെല്ലാം കഴിഞ്ഞിരുന്നു. പിറ്റേന്ന് തന്‍റെ പുസ്തകം ഏല്ലാവര്‍ക്കും മുന്നിലുയര്‍ത്തി ടീച്ചറഭിനന്ദിക്കുമ്പോള്‍ ആ പൂച്ചക്കണ്ണുകള്‍ തന്നെ അസൂയയോടെ നോക്കുന്നത് അഭിമാനത്തോടെയാണ് കണ്ടുനിന്നത്. പക്ഷേ മാര്‍ക്കിട്ടുകിട്ടിയ പുസ്തകം വീട്ടിലെത്തി നോക്കുമ്പോഴേയ്ക്കും അപ്രത്യക്ഷമായിരുന്നു. എന്തൊരു മായാജാലം... പിറ്റേന്ന് ക്ലാസ്സിലാകെ ചോദ്യം ചെയ്യലും അന്വോഷണവും അരങ്ങേറിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല... കരഞ്ഞു തളര്‍ന്ന് എപ്പോഴാണ് ഉറങ്ങിയത്??? കൃത്യനിഷ്ഠയോടെ വിളിച്ചുണര്‍ത്തിയ അലാറത്തിനു നന്ദിപറഞ്ഞ് എണീക്കവേ സമയം അഞ്ചടിച്ചിരുന്നു. അവര്‍ത്തിക്കപ്പെട്ട ദിനചര്യകള്‍ക്കൊടുവില്‍ അമ്മുമോളുടെ ബാഗിലേയ്ക്ക് ടിഫിന്‍ബോക്സും ഇന്നലെ തയ്യാറാക്കിയ അസൈന്‍മെന്‍റും വെയ്ക്കവെ അറിയാതെ പറഞ്ഞുപോയി, "കളഞ്ഞു പോകാതെ സൂക്ഷിക്കണം കേട്ടോ.....". പതിവില്ലാത്ത അമ്മയുടെ മുന്നറിയിപ്പ് കേട്ടവള്‍ അത്ഭുതം വിടാതെ പറഞ്ഞു :"അമ്മ പേടിക്കണ്ടാ, സിസ്റ്റത്തിലല്ലേ ചെയ്തേ so backup ഉണ്ട്". ശരിയാണ് താനെന്തു വിഢ്ഡി, താനിപ്പോള്‍ ഇന്നലെകണ്ട സ്വപ്നത്തിലെ പൊടിപറ്റിയ ഭൂതകാലത്തല്ല. വര്‍ഷങ്ങള്‍ പിന്നിട്ട വര്‍ത്തമാനത്തിലാണ്. അമ്മുവിനെയും യാത്രയാക്കി ഓഫീസിലേയ്ക്ക് യാത്രയാകവേ റിയര്‍ വ്യൂമിററിലൂടെ തന്നിലേയ്ക്കെത്തിയ ആ പൂച്ചക്കണ്ണുകളില്‍ അപ്പോള്‍ അസൂയയായിരുന്നില്ല.... പിന്നെ...

നഷ്ടസൌഹൃദം

കാത്തിരിക്കുന്നു ഞാന്‍ വ്യര്‍ത്ഥമെന്നറിവോടെ,
ജീവന്‍റെ ദീര്‍ഘമാം യാത്രയിലായ്.
എത്രയോ രാത്രികള്‍ എത്രയോ പകലുകള്‍,
അസ്തമിക്കാത്തൊരെന്‍ ഓര്‍മ്മകളില്‍.
നിറയുന്നു നീ സദാ പുഞ്ചിരിയോടെയെന്‍,
അശ്രുകണങ്ങളില്‍ വേദനയായ്.
എങ്ങോ മറഞ്ഞുപോയ് ഒരുവേള നീയെന്‍,
വിധിയെ തനിച്ചാക്കി മറഞ്ഞുപോയി.
അന്നൊരു സന്ധ്യയില്‍ സൌഹൃദച്ചെണ്ടുമായ്,
എന്നുടെ മുന്നില്‍ നീ എത്തീടവേ;
അറിഞ്ഞിരുന്നില്ല ഞാന്‍ ഒരുനാള്‍ നീയെന്‍,
ആത്മാവിന്‍ അര്‍ത്ഥമായ് മാറുമെന്ന്.
ജഡമായ് കിടന്നൊരെന്‍ ബാഹ്യരൂപത്തിനായ്,
നല്‍കി നിന്‍ ആത്മാവിന്‍ അര്‍ധഭാഗം.
ജീവിച്ചു തുടങ്ങി ഞാന്‍ പിച്ചവെച്ചു,
നിന്‍ കരസ്പര്‍ശത്തിന്‍ ശക്തിയാലെ;
പഠിപ്പിച്ചു നീയെന്നെ ജീവിതപാഠങ്ങള്‍,
ഗുരുനാഥനായി നീ വിളങ്ങിനിന്നു.
ചുവടുകളിടറവേ അറിയാതെ ഇന്നെന്‍,
കരങ്ങള്‍ നിനക്കായ് തേടിടുന്നു.
ജീവിക്കുവാനായ് നിനക്കവേ എന്നും,
ഓര്‍ക്കുന്നു നിന്നെയെന്‍ ഹൃത്തിലായി.
മായ്ക്കില്ലൊരിക്കലും നിന്നുടെ ഓര്‍മ്മകള്‍,
എന്നുടെ മനസ്സിന്‍റെ കോണില്‍ നിന്നും.
കാത്തിടും എന്നുമാ പൂമരകാഴ്ചകള്‍,
എന്നുടെ സ്നേഹമാം തോപ്പിലായി.

നിറമുള്ള വെള്ളം

ചുറ്റം തളംകെട്ടിനിന്ന നിശബ്ദത മാറുകയാണ്. വീണ്ടും കാതുകളില്‍ ശബ്ദവീചികള്‍ പ്രവേശിക്കുന്നു. കണ്ണുകള്‍ തുറക്കുവാന്‍ തോന്നുന്നില്ല. ആ മനോഹരസ്വപ്നം തന്നില്‍ നിന്നുമകലുമെന്ന് കരുതിയാകാം അവള്‍ തന്‍റെ കണ്ണുകളെ ഇറുക്കിയടച്ചു. ചെവികള്‍ കരങ്ങളാല്‍പൊത്തി ആ സ്വപ്നത്തെ അവള്‍വീണ്ടും മാടിവിളിച്ചു. അവ വീണ്ടും അവള്‍ക്കുമുന്നിലെത്തി. നിറമുള്ള വെള്ളം ആദ്യമായാണ് അവള്‍ കാണുന്നത്, എന്തൊരുസ്വാദ്... മുന്നില്‍ ബാക്കിയിരിക്കുന്ന ഭോജനവസ്തുക്കള്‍ അവളിലെ വിശപ്പിനെ അതിന്‍റെ മൂര്‍ച്ഛതയിലെത്തിക്കുകയും അവളുടെ ഹൃദയത്തെ ആഹ്ലാദത്താല്‍ നിറക്കുകയും ചെയ്തു. പക്ഷേ അവളുടെ കരങ്ങള്‍ അവയെ സ്പര്‍ശിക്കുന്നതിന് മുന്‍പ് മറ്റേതോ കരങ്ങള്‍ അവളുടെ കണ്ണുകളെ പിന്നില്‍നിന്ന് പൊത്തി. പിന്നെ കണ്ണുതുറക്കവേ അമ്മയാണ് മുന്നില്‍ ബാക്കിയായ വിശപ്പുമായ് എണീക്കവേ അവള്‍ തിടുക്കത്തിലായിരുന്നു താനിക്കുകിട്ടിയ ആ നിറമുള്ള വെള്ളത്തെപ്പറ്റി പറയുവാനുള്ള തിടുക്കത്തില്‍.  എന്നാല്‍ വിശപ്പുമാറ്റുന്ന സ്വപ്നങ്ങള്‍ കാട്ടിയുറക്കുന്ന തങ്ങളുടെ അന്നദാതാക്കളില്‍ നിന്നും തന്‍റെ മകളെ രക്ഷിക്കുവാനുള്ള തിടുക്കത്തിലായിരുന്നു ആ അമ്മയെന്ന് അവളറിഞ്ഞിരുന്നില്ല.

കള്ളലക്ഷണം

കുറച്ച് അകലെയായി വഴിയരികില്‍ കിടന്നിരുന്ന ആ കാറിനരികേ അയ്യാള്‍ കിടന്ന് കറങ്ങുവാന്‍ തുടങ്ങിയിട്ട് സമയം കുറച്ചായല്ലോയെന്ന തന്നിലേയ്ക്ക് വലിച്ചുകെട്ടിയ കെ.എസ്.ഇ.ബി യുടെ ലൈന്‍കമ്പി ആത്മഗതം പറയവേയാണ് നഗരവികസനത്തിന്‍റെ നിറഞ്ഞ ബഡ്ജറ്റില്‍ ജന്മംകൊണ്ട ആ ന്യൂക്കമര്‍ പോസ്റ്റ് ചെക്കനും അത് ശ്രദ്ധിച്ചത്. അവനവിടെ തലയുയര്‍ത്തി നില്‍ക്കുവാന്‍ തുടങ്ങിയിട്ട് കഷ്ടിച്ച് ആറുമാസം തികയുന്നു. നഗരമധ്യത്തിലെ ആ നില്‍പ്പ് ലോകത്തെ അല്പം വിശാലമായി തന്നെ കാണുവാന്‍ അവനുസഹായമായി എന്നുപറയുന്നതിലും തെറ്റില്ല. ദിവസേന എത്രയേറെ ജീവിതങ്ങളാണ് അവനുകീഴിലൂടെ കിടന്നും ഇരുന്നും നടന്നും പറന്നുമൊക്കെ പോയ്ക്കൊണ്ടിരിക്കുന്നത്. നടക്കുന്നവരെ കാണുമ്പോള്‍ അവനും ആഗ്രഹിക്കാറുണ്ട് നടക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന്, തന്‍റെ ദൃഷ്ടിപരിധിക്കപ്പുറമുള്ള ലോകവും തനിക്കെന്നാല്‍ പരിചിതമാകുമായിരുന്നില്ലേ? പക്ഷേ അതിന് കാലുകള്‍ വേണ്ടേ? കിട്ടിയവയില്‍ തൃപ്തനാകാതെ കിട്ടാത്തവയോര്‍ത്ത് തപിക്കുന്നത് മൂഢത്വമല്ലേ? എല്ലാ ചോദ്യങ്ങളും അവയ്ക്കുള്ള കൃത്യമായ ഉത്തരങ്ങളും അവനില്‍ തന്നെ ഉണ്ടായിരുന്നു. കിടന്നു പോകുന്നവര്‍ രണ്ടുകൂട്ടരുണ്ടായിരുന്നു, ചലനങ്ങളില്ലാതെ സ്വസ്ഥമായി കിടക്കുന്നവരാണ് ആദ്യപകുതി അവര്‍ ഒരുപക്ഷേ ആ കിടത്തംപോലും അറിയുന്നുണ്ടാവില്ല. അല്ലെങ്കില്‍ അവരൊന്നുമറിയുന്നില്ല എന്നത് നമ്മുടെ വിശ്വാസം മാത്രമായിരിക്കാം. ബാക്കിയുള്ളവര്‍ അങ്ങനെയല്ല അവര്‍ വേദനയുടെ ചീളുകളേറ്റ് പുളഞ്ഞ് കൊണ്ടാണ് കിടക്കാറ് അതോര്‍ക്കുമ്പോഴേ അവന് ഭയമാണ്. ഇരുന്ന് പോകുന്നവര്‍ സാധാരണക്കാരാണ് അവരില്‍ പുറമേ ദര്‍ശിക്കുവാന്‍ പ്രത്യേകതകളില്ല എന്നാല്‍ ഓരോ വ്യക്തികളിലും എത്ര മനോഹരമായാണ് വ്യത്യസ്തങ്ങളായ ജീവിതങ്ങള്‍ ദൈവമെന്നു വിളിക്കപ്പെടുന്നവര്‍ രചിച്ചുവെച്ചിരിക്കുന്നതെന്ന് അവന്‍ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. ഇനിയുള്ളവര്‍ പറക്കുന്നവരാണ്, ചെറുപ്പക്കാര്‍. കഴിഞ്ഞ ദിവസം തന്നെ പിടിച്ചുനിന്ന് കിതപ്പകറ്റിയ ഒരു പ്രായംചെന്ന അമ്മ പറഞ്ഞതോര്‍ത്ത് അവന് ചിരിവന്നു. "ഇവന്മാരെന്താ വായുഗുളിക വാങ്ങുവാനാണോ പോകുന്നേ ". പാവം ആ അമ്മക്കറിയില്ലല്ലോ അതാണവരുടെ ഫാഷനെന്ന് പതുക്കെപോയാല്‍ തകരുന്നത് അവരുടെ അന്തസ്സാണെന്ന്. സ്പൈക്ക് ചെയ്ത മുടിയില്‍ ഹെല്‍മെറ്റ് പോലും തട്ടിക്കാതെ വായുവിലങ്ങനെ പറന്നു നടക്കുന്നതാണ് അവരുടെ സ്റ്റൈലെന്ന് ആ പഴമ ബാക്കിനില്‍ക്കുന്ന മനസ്സെങ്ങനെ ഉള്‍ക്കൊള്ളുവാനാണ്. അവന് പറക്കുവാന്‍ ആഗ്രഹമില്ല തനിക്കുതാഴെ പറക്കുന്ന ആ യുവത്വങ്ങളും തനിക്കു മുകളില്‍ പറക്കുന്ന പറവകളും ഒരുപോലെ തനിക്കുമുന്നില്‍ ജീവനറ്റുവീഴുന്നത് അവന്‍ പലപ്പോഴും കണ്ടുനില്‍ക്കേണ്ടിവരുന്ന കാഴ്ചകളായിരുന്നു. ഒരു കള്ളലക്ഷണത്തോടെ കാറിന് സമീപത്ത് നിലയുറപ്പിച്ചവന്‍റെ ഉദ്ദേശമെന്തെന്നറിയുവാനായി അവന്‍ തന്‍റെ ശ്രദ്ധ അയ്യാളിലേയ്ക്ക് കേന്ദ്രീകരിച്ചു. പ്രഭാത സവാരിക്കിറങ്ങിയ ഒരുവന്‍റെ മേല്‍മോടിയായിരുന്നു അയ്യാള്‍ക്ക്. അയഞ്ഞ പാന്‍റ്സും ടീഷര്‍ട്ടും അയ്യാള്‍ക്ക് നന്നായി ഇണങ്ങുന്നവയാണെന്ന് അവന് തോന്നി. പരിസരത്താരുമില്ലെന്ന് ഉറപ്പുവരുത്തുവാന്‍ അയ്യാള്‍ റോഡിലേയ്ക്കിറങ്ങി ഇരുവശത്തേയ്ക്കും നോക്കി. ആരുമില്ല, സമയം അഞ്ചുമണിയാകുന്നു. എന്തോ മുന്‍കൂട്ടി തീരുമാനിച്ചതിനാലാകാം അയ്യാള്‍ ഇത്രയും നേരത്തേ നടക്കുവാനിറങ്ങിയത്. ആരുമില്ലെന്നുറപ്പുവരുത്തി അയ്യാള്‍ ആ കാറിനും അവിടെയുണ്ടായിരുന്ന മതിലിനുമിടയിലേയ്ക്ക് കയറി. തിരിച്ച് പൂര്‍വ്വസ്ഥാനത്തെത്തുമ്പോള്‍ കൈയ്യില്‍ എന്തോ ഉണ്ടായിരുന്നു, അതൊരു കവറായിരുന്നുവെന്ന് പിന്നെയാണവന് മനസ്സിലായത്. മതിലിനപ്പുറം ഇരുനിലകെട്ടിടത്തിനായി  ബെയ്സ്മെന്‍റ് കെട്ടിയിരുന്ന ആ സ്ഥലത്തേയ്ക്ക് അതിനെ വലിച്ചെറിഞ്ഞ് അയ്യാള്‍ ഒന്നും സംഭവിക്കാത്തവനെപോലെ അവിടെ നിന്നും നടന്നകന്നു. സ്വന്തം പരിസരം വൃത്തിയാക്കി അന്യന്‍റെ പറമ്പിലിടുന്ന മനുഷ്യന്‍റെ ശുചിത്വബോധം അവനില്‍ വീണ്ടും ചിരിയുണര്‍ത്തി. പക്ഷേ അപ്പോഴും അവനൊരു സംശയത്തിലായിരുന്നു എപ്പോഴായിരുന്നു അയ്യാള്‍ ആ കവര്‍ ആ കാറിനടുത്ത് ഒളിപ്പിച്ചത്? അവിടെവരെ അയ്യാള്‍ എങ്ങനെയായിരുന്നു അതെത്തിച്ചത്? എന്തുതന്നെയായാലും അവനു ചിരിക്കാതിരിക്കുവാനായില്ല. എന്തെല്ലാം കാണണം, ഇനി എന്തെല്ലാം കാണുവാന്‍ ബാക്കി നില്‍ക്കുന്നു. ഉദിച്ചുയരുന്ന സൂര്യനെ നോക്കി അവന്‍ തലയുയര്‍ത്തി നിന്നു. തന്നെകാത്തിരിക്കുന്ന കാഴ്ചകള്‍ കാണുവാന്‍.

മഴ

ഹാ കഷ്ടം ഇതെന്തു മഴയെന്ന് ശപിക്കവേ
മറ്റെവിടെയോ വേഴാമ്പല്‍ കാത്തിരുന്നു.
ഇവള്‍ നഗരത്തില്‍ വസിക്കുമാ
- കുബേരപുത്രി.

മഴവേണമവള്‍ക്ക് നിനയ്ക്കും വേളയില്‍
കാണുവാന്‍,
ജനാലക്കപ്പുറം കണ്ടു പോപ്പ്കോണ്‍ കഴിക്കുവാന്‍.
മഴവേണം എന്നാല്‍ നനയരുത്,
എന്‍റെ മുഖത്തിടും മേക്കപ്പ് മായരുത്.
മഴവേണം എന്നാല്‍ കുളിരരുത്,
എന്‍റെ ചുണ്ടില്‍ ചുക്കുകാപ്പി നനയരുത്.
മഴവേണം എന്നാല്‍ മണ്ണുനനയരുത്,
ഇനി നനഞ്ഞാലും ചെളിപുരളരുത്,
-ഇത് പതിനായിരത്തിന്‍ സാരിയാണ്.
തപിക്കുന്നു മഴകാണെ നഗരപുത്രി.

മഴയെ പ്രതീക്ഷിച്ച് കാത്തിടുന്നു,
കൊന്നകള്‍ കൊഴിയവേ കുചേലപുത്രി.
അവള്‍ ഹൃത്തിനാലെന്നും
-സമ്പന്നപുത്രി.

മഴവേണം എന്നെ നനയ്ക്കുവാനായ്,
എന്‍റെ മണ്ണിന്‍റെ ദാഹമകറ്റുവാനായ്.
മഴവേണം എന്നെ കുളിര്‍പ്പിക്കുവാനായ്,
എന്‍റെ മനവും മേനിയും തണുപ്പിക്കുവാനായ്.
മഴവേണം എന്നില്‍ ചെളിപുരട്ടുവാനായ്,
എന്‍ അമ്മതന്‍ സ്നേഹശകാരം ശ്രവിക്കുവാനായ്.
മഴവേണം എന്നാലത് മഴയാകണം,
വാര്‍മുകില്‍ കാണണം മാരിവില്ലും
മുറ്റത്ത് തവളകള്‍ കരയുവാനെത്തണം.
മഴയെ പുണരുമാ ഗ്രാമപുത്രി.

ഓര്‍മ്മയില്‍ ചന്ദ്രനുദിക്കുമ്പോള്‍

ശരീരം നിശ്ചലമാണ്, പക്ഷേ ചലിക്കുകയാണ്, ആ ബസ്സിന്‍റെ വേഗതക്കൊപ്പം.
ചലനം...
ഏറ്റവും വേഗത്തില്‍ ചലിക്കാന്‍ കഴിയുന്നതെന്തിനാണ്? വെറുതെ ചോദ്യങ്ങളുണ്ടാക്കുക, അവയ്ക്കായുള്ള ഉത്തരത്തിനായി മനസ്സിനെ സ്വതന്ത്രമായി വിട്ടുകൊടുക്കുക അത് കണ്ടെത്തട്ടെ... എവിടെയും എപ്പോഴും അതിനുമാത്രമല്ലേ പരിധികളില്ലാത്തത്. ശരീരം നിശ്ചലമാകുമ്പോഴും മനസ്സ് സഞ്ചരിക്കുന്നു, സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരവും കിട്ടിയിരിക്കുന്നു. 'മനസ്സ്'...
    എനിക്കുപിന്നില്‍ മറഞ്ഞുതുടങ്ങുന്ന ആ അലകടലിലേയ്ക്ക് അസ്തമിക്കുവാന്‍ തയ്യാറായി സൂര്യന്‍ എത്തിയിരുന്നു. അസ്തമയം കാണുവാനുള്ള ആഗ്രഹം മാറ്റിവെച്ച് ഞങ്ങള്‍ അവിടെനിന്നും തിരിച്ചു. കടലിലേയ്ക്കലിയുവാനെത്തിയ ആദിത്യന്‍റെ വര്‍ണ്ണ രശ്മികള്‍ അന്തരീക്ഷമാകെ ചുവപ്പിച്ചിരുന്നു. വെറും അഞ്ചുനിമിഷങ്ങളുടെ കാത്തിരിപ്പ് മാത്രമേ ആ അസ്തമയദൃശ്യത്തിനാവശ്യമായിരുന്നുള്ളു. പക്ഷേ അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാനല്ലേ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയൂ. അങ്ങനെ ആ ആഗ്രഹം ബാക്കിനില്‍ക്കേ ഞങ്ങള്‍ യാത്രവീണ്ടുമാരംഭിച്ചു. എനിക്കുകിട്ടിയ ജനാലയ്ക്കരികിലെ ആ സ്ഥാനം എന്നിലെ നഷ്ടബോധത്തെ പെട്ടെന്നകറ്റി. വലതുഭാഗത്തായിഒഴുകിയകന്നുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളിലേയ്ക്ക് ഞാന്‍ മിഴികളുറപ്പിച്ചുകൊണ്ടിരുന്നു. സൂര്യന്‍ എത്രവേഗമാണ് മറഞ്ഞത്. ചുറ്റും നിറഞ്ഞിരുന്ന പ്രകാശം കുറയുകയാണ് എവിടെയോ തെളിയുന്ന വിളക്കുകള്‍ ഇരുളുമായി ഇഴചേര്‍ന്നപ്പോള്‍ എന്‍റെ കാഴ്ചകള്‍ അവ്യക്തമായികൊണ്ടിരിക്കുകയാണെന്ന് ഞാനറിഞ്ഞു. എത്രദൂരം പിന്നിട്ടുവെന്നറിയില്ല. ബസിനുള്ളിലെ കുഞ്ഞു ടിവിയില്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന ഏതോ അന്യഭാഷാചിത്രത്തിലായിരുന്നു പലരും, മറ്റുചിലര്‍ ഉറക്കത്തിന്‍റെ ലാളനയില്‍ തലചായ്ച്ചിരുന്നു.
    അപ്രതീക്ഷിതമായി അല്ലെങ്കില്‍ യാദൃച്ഛികമായാണ് ഞാനാ കാഴ്ച കണ്ടത്. പക്ഷേ ആരോ പറഞ്ഞിരുന്നു, യാദൃച്ഛികത എന്നൊന്നില്ലയെന്ന്. അങ്ങനെയെങ്കില്‍ ആ കാഴ്ച എനിക്കായി കാലം കാത്തുവെച്ചതകാം അല്ലെങ്കില്‍ എനിക്കായ് വിധിയെന്ന പ്രതിഭാസം പ്രതീക്ഷിച്ചിരുന്നതാകാം ആ ദൃശ്യം. അല്പം ദൂരത്തായ് ആ വിജനപാതയ്ക്ക് സമീപം  പ്രകാശം പരത്തിയിരുന്ന ഒരു സ്ട്രീറ്റ് ലൈറ്റിനുകീഴില്‍ കുറച്ച് കുട്ടികള്‍ നില്‍ക്കുന്നു. ആ കാഴ്ചയുടെ ആദ്യനിമിഷത്തില്‍ തന്നെ എന്നിലുടലെടുത്ത ചോദ്യം "ഇത്രയും വൈകിയ വേളയില്‍ ആ കുട്ടികള്‍ ആ വഴിവക്കില്‍ നില്‍ക്കുന്നതെന്തിനാണ്?" എന്നതായിരുന്നു. അപ്പോഴാണ് സിനിമകളില്‍ തങ്ങളുടെ കായികബലപ്രകടനങ്ങള്‍ നടത്തുന്ന, പ്രേക്ഷകര്‍ വില്ലന്‍മാരെന്നും ഗുണ്ടകളെന്നും വിളിക്കപ്പെടുന്ന കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു രൂപം അവര്‍ക്കരികിലായി നില്‍ക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടത്. അയ്യാള്‍ ഒരു കുട്ടിയോട് കയര്‍ക്കുകയാണ്. ഇടയ്ക്ക് കൈയുയര്‍ത്തി അടിക്കുന്നുമുണ്ട്. ഞാന്‍ സഞ്ചരിച്ചിരുന്ന ആ വാഹനം ഏകദേശം അവര്‍ക്കരികിലൂടെ കടന്നുപോകവെയാണ് ആ കുഞ്ഞുങ്ങള്‍ കരയുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഏകദേശം പതിമൂന്ന് വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും അതിലുണ്ടായിരുന്നു. ആ കുട്ടികളെ പകല്‍ ഭിക്ഷയ്ക്ക് വിട്ട് രാത്രിയില്‍ അവര്‍ക്ക് കിട്ടിയ മുതലിനെ ശേഖരിക്കുകയായിരുന്നു അയ്യാള്‍. കുറച്ച് പണം കൊണ്ടുവന്ന കുട്ടിയെയാകാം അയ്യാള്‍ ഉപദ്രവിക്കുന്നത്, ഞാനൂഹിച്ചു. എന്തുതന്നെയായാലും നിമിഷങ്ങള്‍കൊണ്ട് എന്‍റെ മുന്നിലൂടി ഒഴുകിയകന്ന ആ കാഴ്ച എന്‍റെ ഹൃദയത്തിലേയ്ക്ക് ആഴത്തില്‍ പതിച്ചു. ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെ ആ കാഴ്ചയും മാഞ്ഞുതുടങ്ങിയിരുന്നു. എനിക്കുമുന്നില്‍ അന്ധകാരം വിതറിനിന്ന ആ രാത്രിയില്‍ അസ്വസ്തമായ എന്‍റെ മനസ്സിന് കൂട്ടായത് ഉദിച്ചുനിന്ന ആ ചന്ദ്രബിംബം മാത്രമായിരുന്നു. ചന്ദ്രന്‍ ഉദിക്കുന്നവെന്ന് അധികം ആരും പറയാറുള്ളതല്ല, എന്നാല്‍ ആ രാത്രിയില്‍ ഞാനതിനോട് ധാരാളം സംസാരിച്ചു. ഒരുപക്ഷേ ആ ഒറ്റപ്പെടലില്‍ ഉടലെടുത്ത നിസ്സഹായതയാകാം എന്നില്‍ അവയുടെ ഭാഷനിറച്ചത്, എനിക്കുചുറ്റു നിറഞ്ഞുനിന്നിരുന്ന ആ പ്രകൃതിയുടെ ഭാഷ. ഒരുവേള മനുഷ്യരുടെ ഭാഷയെക്കാള്‍ മനോഹരമാര്‍ന്നതും ആഴമേറിയതും ആ ഭാഷയ്ക്കാണെന്ന് എനിക്കുതോന്നി. ആ കുഞ്ഞുങ്ങളുടെ ജീവിതത്തെയും ഭാവിയേയും പറ്റിയുള്ള ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിന്നു, അവയായിരുന്നു ഞാന്‍ അവയോട് പങ്കുവെച്ചതും. ആ കാഴ്ചകണ്ട് നിസ്സഹായയായി അതില്‍നിന്നുമകലാന്‍ വിധിക്കപ്പെട്ട എന്‍റെ വിധിയെ ഓര്‍ത്ത് ഞാനന്നു തപിച്ചു.
    ഇന്ന് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു... ഇന്ന് ഓണമാണ് തിരുവോണം, ചിങ്ങപ്പാട്ടും അത്തപ്പൂക്കളവും പുലികളികളുമൊന്നുമില്ലാതെ പേപ്പര്‍ വാഴയിലയില്‍ വിളമ്പിയ ഓണസദ്യയില്‍ ഈ ഓണവും കടന്നുപോയി. ഇപ്പോള്‍ രാത്രിയാണ്, വീടിന്‍റെ ടെറസ്സിനുമുകളില്‍ നിന്ന് ചിങ്ങനിലാവെങ്കിലും കാണാം എന്നപ്രതീക്ഷയോടെയാണ് ആകാശത്തേയ്ക്ക് നോക്കിയത്. അവിടെകണ്ടത് ആ പഴയ ചന്ദ്രബിംബത്തെയായിരുന്നു. ഒരിക്കല്‍ തന്‍റെ ദുഃഖം പങ്കുവെച്ച ചന്ദ്രബിംഹത്തെ. മനസ്സിന്‍റെ കോണില്‍ ഇന്നും വേദനയോടെ നിലനില്‍ക്കുന്ന ആ രാത്രയും ആ കുട്ടികളും എന്‍റെ ഓര്‍മ്മയില്‍ തെളിഞ്ഞു. ഇന്നവര്‍ വളര്‍ന്നിരിക്കും.. അവര്‍ക്കും ഓണമുണ്ടാകുമോ? ഓണസദ്യയുണ്ടാകുമോ? അറിയില്ല... പക്ഷേ ഒന്നുമാത്രമറിയാം വയറുനിറയെ ഭക്ഷണം കഴിച്ച് നാം ഉറങ്ങുമ്പോള്‍ മറ്റെവിടെയോ കരയുന്ന അവരെപ്പോലുള്ള കുട്ടികള്‍ ഇന്നുമുണ്ട്. അവരെപോലുള്ള കുഞ്ഞുങ്ങളുടെ കൈയ്യില്‍ തകരപാത്രങ്ങള്‍ വെച്ചുകൊടുക്കുന്നവര്‍ ഇന്നും ഇരുട്ടിനുള്ളില്‍ കാത്തിരിക്കുന്നുണ്ട് അവര്‍ കൊണ്ടുവരുന്ന നാണയതുട്ടുകള്‍ക്കും നോട്ടുകടലാസുകള്‍ക്കുമായി. ഈ കാഴ്ചകള്‍ മായുന്ന ഒരു നാളെ ഇനിയെങ്കിലും പുലരുമോ? ഉദിച്ചുനിന്ന ചന്ദ്രനെനോക്കി ഞാന്‍ ചോദിച്ചു.

നിനക്കുമാത്രമായ്

കൊഴിഞ്ഞുപോയ് കാലവും നഷ്ടസ്വപ്നങ്ങള്‍തന്‍
വിടരാമലരുകള്‍തന്‍ വാസന്തവും.
എങ്കിലും എന്‍പ്രിയേ നിനക്കുമാത്രമായ്
കരുതിടുന്നിന്നുമെന്‍ ശിഷ്ടജീവന്‍.

എങ്ങോ മറയവേ ഒരുമാത്രകൊണ്ടു നീ,
എന്നെ മറന്നുപോയ് ക്ഷണികമാം വേളയില്‍.
 എങ്കിലും എന്‍പ്രിയേ നിനക്കുമാത്രമായ്
കാത്തിരിക്കുന്നു ഞാന്‍ അന്നുമിന്നും.

അറിയില്ലെനിക്കെന്‍ അപരാധമെന്തെന്ന്,
അറിയുന്നു ഞാനപരാധി നിനക്കെന്ന്.
എങ്കിലും എന്‍പ്രിയേ നിനക്കുമാത്രമായ്
നല്‍കിയെന്‍ ആത്മാവിന്‍ സര്‍വ്വസ്വവും.

എന്നുടെ സ്വപ്നമാം നിന്നെയെന്‍ പ്രതീക്ഷയായ്,
മാറ്റിയെന്‍ ജീവിത യാത്രചെയ്കേ.
എങ്കിലും എന്‍പ്രിയേ നിനക്കുമാത്രമായ്
നല്‍കിടുന്നിന്നെന്‍ ശിഷ്ടപ്രാണനേയും

ധര്‍മ്മയുദ്ധം

യുദ്ധത്തിന്‍ കാഹള ധ്വനികള്‍ മുഴങ്ങുന്നു
ഒരുമാത്ര നോക്കി ഞാന്‍ ഒരിക്കല്‍ മാത്രം.
നടുങ്ങി എന്‍ ഹൃദയം വിറച്ചുപോയ് അധരം,
തളരുന്നു മേനിയും മനവുമൊപ്പം.
കണ്ടുഞാന്‍ ഭൂമിയില്‍ ചോരചിന്തീടുമെന്‍
സോദരരായുള്ള മാനവരെ.
തുടങ്ങി ഈ യുദ്ധം തുടര്‍ന്നു ആ യാത്ര,
വിജയപരാജയ മിശ്രണമായ്.
കൊഴിയുന്നു വ്യക്തികള്‍ ബോസായ് സിംങായ്,
നല്‍കുന്നു ജീവന്‍ മമ ദേശത്തിനായ്.
ഉദിക്കുന്നു പക്ഷേ വിപ്ലവസൂര്യന്‍
മാനവര്‍ തന്‍ അന്തരംഗങ്ങളില്‍.
അണയാ ജ്വാലയായ് ജ്വലിക്കും പ്രകാശമായ്,
തുടരുന്നു ഇന്നും ആ കര്‍മ്മയാത്ര.
തീര്‍ന്നില്ല യുദ്ധം അത് തുടരുന്നു നിത്യം
സത്യധര്‍മ്മത്തിന്‍ രക്ഷക്കായ് തുടര്‍ന്നിടുന്നു.
മാറുന്നു രൂപവും സമരമുഖങ്ങളും
അത് കാലത്തിന്‍ കരങ്ങളില്‍ സുഭദ്രമായ്.
അന്നു മുറുകി കഴുത്തില്‍മരണക്കയര്‍,
ഇന്നു ചിന്തുന്നു രക്തം വാള്‍മുനയാല്‍.
അണിയുന്നു രക്തത്തിന്‍ കുങ്കുമശോഭയെ
വിജയത്തിന്‍ കുങ്കുമത്തിലകമായി.
നല്കുന്നു ജീവന്‍ നിര്‍ഭയമോടവര്‍,
തങ്ങള്‍തന്‍ നാടിനും ജനതയ്ക്കുമായ്.
ഇനി പിടയില്ല എന്‍മനം ഒരുമാത്രപോലും,
നല്‍കുമെന്‍ ജീവനും സര്‍വ്വസ്വവും.
ഉണര്‍ന്നു കഴിഞ്ഞു ഞാന്‍ ഒരുങ്ങിക്കഴിഞ്ഞു ഞാന്‍,
തുടരുമീ ധര്‍മ്മയുദ്ധത്തിനായി.
കുറിക്കുന്നു ഞാനെന്‍ ഹരിശ്രീ ഇവിടെ,
ചോരയില്‍ കുതിര്‍ന്നൊരെന്‍ ജന്മഭൂവില്‍.

(29-01-2013)

Saturday 30 January 2016

അവള്

ജീവിതത്തെ ആഘോഷങ്ങളുടെ കടുംനിറങ്ങളാല്‍ വര്‍ണ്ണാഭമാക്കുവാനാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാല്‍ തന്‍റെ ചിന്തകളുടെയും സ്വപ്നങ്ങളുടെയും  ആ നിറങ്ങള്‍ എവിടെ നഷ്ടപ്പെട്ടു എന്നറിയാതെ പകച്ചുനില്‍ക്കുകയായിരുന്നു അവള്‍. ഇന്നു താന്‍ വീണ്ടും ആ സ്ഥാനത്തുതന്നെ മടങ്ങിയെത്തിയിരിക്കുന്നു, എവിടെയാണോ തന്‍റെ യാത്രതുടങ്ങിയത് അവിടെതന്നെ. ശൂന്യമായ വീഥിയിലേക്ക് മിഴിപാകുബോഴും മനസ്സ് കലുഷിതമായിരുന്നു. ആയിരമായിരം ചോദ്യങ്ങളും ഉത്തരങ്ങളും ആ മനസ്സില്‍ ജന്മമെടുക്കുകയും തല്‍ക്ഷണം ജീവന്‍ വെടിയുകയും ചെയ്തുകൊണ്ടിരുന്നു. ഇന്ന് തീര്‍ത്തും അവള്‍ സ്വതന്ത്രയാണ് കടപ്പാടുകളും ബാധ്യതകളും ഒന്നുംതന്നെയില്ല, എന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല. അസ്വസ്ഥമായ മനസ്സിന്‍റെ വികൃതികള്‍ അവള്‍ക്കുചുറ്റുമുള്ള ശൂന്യതയെ ശബ്ദകോലാഹലങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ആള്‍ക്കൂട്ടത്തിനു സമമാക്കികൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്നലെവരെ ഇങ്ങനെ ആയിരുന്നില്ല. ഏത് ആള്‍ക്കൂട്ടത്തിലും അവള്‍ക്ക് അവളുടേതായ നിശബ്ദതനല്‍കുന്ന മരുഭൂമികളെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിരുന്നു.
അന്ന് താന്‍ ഒരു രൂപം മാത്രമായിരുന്നു അതില്‍ ആത്മാവ് എന്നത് ഉണ്ടായിരുന്നില്ല. എന്നാല്‍ അതിനെ ഒരിക്കല്‍ കണ്ടെത്തി. ആ രൂപവുമായി അതിനെ സമന്വയിപ്പിച്ചു. അന്നുമുതല്‍ അവള്‍ ജീവിക്കുവാന്‍ തുടങ്ങി. അവളുടെ ചിന്തകള്‍ക്കും നിറങ്ങള്‍ ഉണ്ടായി. എന്നാല്‍ അവ ഈ ലോകത്തിന്‍റെ കടുംചായക്കൂട്ടുകള്‍ ആയിരുന്നില്ല. പകരം ജീവിത്തിന്‍റെയും സ്നേഹത്തിന്‍റെയും തെളിവാര്‍ന്ന വര്‍ണ്ണങ്ങളായിരുന്നു. അത് നല്‍കിയതോ അവളുടെ പ്രിയപ്പെട്ടവരും. അവര്‍ ഈ ലോകത്തിന് അപരിചിതരായിരുന്നു അല്ലെങ്കില്‍ ഈ ലോകം അവര്‍ക്ക് അപരിചിതമായിരുന്നു. അതുകൊണ്ടുതന്നെ അവരുടെലോകം അവര്‍ക്കിടയില്‍മാത്രം ഒതുങ്ങിനിന്നും പക്ഷേ അതിന്‍റെ വ്യാപ്തി അനന്തമായിരുന്നു. തികച്ചു അപ്രതീക്ഷിതമായി ഒരുനാള്‍ അതുസംഭവിച്ചു. അവളുടെ പ്രിയപ്പെട്ടവര്‍ അവളെ വിട്ടകലുവാന്‍ തുടങ്ങി അഥവാ കാലം അവരെ വേര്‍പിരിച്ചു. ഒന്നിനുപിറകെ ഒന്നായി തന്‍റെ ജീവിതത്തിന്‍റെ വര്‍ണ്ണങ്ങള്‍ മായുന്നത് അവള്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ ഈ ലോകത്ത് തീര്‍ത്തും ഒറ്റപ്പെട്ടപ്പോള്‍ അവള്‍ക്കുമുന്നില്‍ ഈ മാര്‍ഗം മാത്രമെ അവശേഷിച്ചിരുന്നുള്ളു. ഈ അസ്വസ്ഥകളില്‍ നിന്നും എന്നെന്നേക്കുമായി വിടവാങ്ങുക. അതിനായാണ് അവള്‍ ഇന്നിവിടെ എത്തിയിരിക്കുന്നത്. തന്‍റെ മുന്നില്‍ നീണ്ടുകിടക്കുന്ന വിജനതയുടെ അന്തകാരം അവളെ ഭയപ്പെടുത്തിയില്ല കാരണം അപ്പോഴേക്കും അവളുടെ ജീവിതത്തില്‍ ബാക്കിനിന്നിരുന്ന വര്‍ണ്ണങ്ങളും അവളെ വിട്ടകന്നിരുന്നു. തനിക്കുനേരെ ആ അന്തകാരത്തേയും ഭേദിച്ചുകൊണ്ട് അടുക്കുന്ന ആ വെളിച്ചത്തെ നോക്കി പുഞ്ചിരിക്കുബോഴും അവളുടെ മനസ്സ് മന്ത്രിക്കുകയായിരുന്നു " തുടങ്ങുകയാണ് ....... പുതുലോകത്തേക്കുള്ള യാത്ര അവിടെ നിന്‍റെ പ്രിയപ്പെട്ടവര്‍ നിനക്കായ് കാത്തിരിക്കുന്നു.... നിന്‍റെ ജീവിതത്തിന് വീണ്ടും വര്‍ണ്ണങ്ങള്‍ നല്‍കുവാനായ്......"