സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday, 31 January 2016

വേഗതകൂടുമ്പോള്‍

"മിത്രാ....."
ശ്രീദേവി ടീച്ചറുടെ ശബ്ദം അവളുടെ കാതുകളില്‍ മുഴങ്ങികേട്ടു.
ഇല്ല, ഇത് മലായാളം ക്ലാസ്സല്ല മുന്നില്‍ ടീച്ചറുമില്ല. ഓര്‍മ്മകളുടെ അതിപ്രസരണത്തില്‍ തന്‍റെ മനസ്സിന്‍റെ വിഭ്രാന്തി സൃഷ്ടിച്ച ശബ്ദവീചികള്‍മാത്രമായിരുന്നു അതെന്ന് അവളുടെ ബോധമനസ്സ് തിരിച്ചറിഞ്ഞു. താന്‍ മറ്റെവിടെയോ ആണ്. കണ്ണുകള്‍ പതിയെതുറന്ന് മുന്നിലേയ്ക്ക് നോക്കി വെളുത്തനിറം മാത്രം. ആ ചുമരുകള്‍ അവളുടെ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് നില്‍ക്കുന്നു. ശരീരത്തിലെവിടെയോ ഒരു വേദന അവള്‍ക്കനുഭവപ്പെട്ടു. കൃത്യമായ സ്ഥാനം നിര്‍ണ്ണയിക്കുവാനാകുന്നില്ല. ഏതോ ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നു വേദന മൂര്‍ഛിക്കുകയാണ്. അവളുടെ ഞെരുക്കം കണ്ടിട്ടാകാം നേഴ്സ് വേദനയ്ക്കായുള്ളൊരു ഇന്‍ജക്ഷന്‍ നല്‍കി. ഏകദേശം 2 മിനിറ്റുകള്‍ക്കുശേഷം തനിക്കനുഭവപ്പെട്ട വേദന പതിയെ ഇല്ലാതാകുന്നത് അവള്‍ അറിഞ്ഞു. അതുകൊണ്ടാകാം തന്‍റെ ഓര്‍മ്മകളിലേറ്റ ആ പുകമറമാറ്റുവാന്‍ അവള്‍ വീണ്ടും ശ്രമിച്ചത്.
നാലുമണിക്കൂറുകള്‍ക്ക് മുന്‍പ്
'ഇല്ല, ഞാനില്ല മോള്‍ക്ക് പരീക്ഷയാണ്'. അവള്‍ ഫോണിലൂടെ പറഞ്ഞു.
'പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം' മിത്രയെന്ന ഹൈസ്കൂള്‍ അധ്യാപികയെ വാര്‍ത്തെടുത്ത കലാലയത്തിലേയ്ക്ക് ഒരു മടങ്ങിപോക്കിനുള്ള അവസരമാണ്. അവള്‍ വായിച്ചുപഠിച്ച പുസ്തകങ്ങളും അവള്‍ നടന്നുകയറിയ പടിക്കെട്ടുകളും ഇന്നും ആ കലാലയത്തില്‍ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു പക്ഷേ  ഒരാള്‍മാത്രം ഇന്നില്ല, ശ്രീദേവി ടീച്ചര്‍.... ടീച്ചറായിരുന്നു അവള്‍ക്കെല്ലാം. ഗുരു-ശിഷ്യ ബന്ധത്തിലുപരി ടീച്ചര്‍ അവള്‍ക്ക് അമ്മയായിരുന്നു. അവളില്‍ തന്‍റെ പ്രതീക്ഷകളും ആഗ്രഹങ്ങളും കാത്തുവെച്ച് അതിന്‍റെ സാഫല്യത്തിനായി കാത്തിരുന്ന അമ്മ. അവളിലെ സാഹിത്യാഭിരുചികള്‍ കണ്ടെത്തിയതും അവയ്ക്കുവേണ്ട പ്രചോദനങ്ങള്‍ നല്‍കിയിരുന്നതും ടീച്ചറായിരുന്നു. പക്ഷേ അവളെക്കാത്തിരുന്ന ആ തിരക്കുള്ള ജീവിതം തൂലികയെടുക്കുവാനുള്ള ഇടവേളകള്‍ അവള്‍ക്കായി നല്‍കിയില്ല. എന്നിട്ടും അവളിലെ അക്ഷരങ്ങള്‍ മാത്രമവശേഷിച്ചത് ആ ഉദ്യോഗമുള്ളതുകൊണ്ട് മാത്രമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം അവള്‍ക്കും അറിയാമായിരുന്നു. ഒടുവില്‍ ക്യാന്‍സറിന്‍റെ പിടിയിലമര്‍ന്ന് ഈ ലോകത്തോട് വിടപറയവേ ടീച്ചറുടെ മനസ്സാഗ്രഹിച്ചിരുന്നതും അതായിരുന്നു : മിത്രയെന്ന സാഹിത്യകാരി വീണ്ടും അവളില്‍ ജന്മമെടുക്കണമെന്ന്. ആ വിടപറച്ചിലിനായിരുന്നു അവള്‍ അവസാനമായി നാട്ടില്‍ പോയിരുന്നത്.
അടുത്തമാസം ഇരുപത്തിയഞ്ചിനാണ് പരിപാടി പക്ഷേ അന്ന് ഗൌരിക്ക് പരീക്ഷയാണ്. മൂന്നാംക്ലാസ്സിലായെങ്കിലും അവള്‍ക്ക് അമ്മയില്ലാതെ ഒരു ദിവസം പോലും കഴിയാനാകില്ല. അതുതന്നെയായിരുന്നു അവളുടെ അച്ഛന്‍റെ പരാതിയും അവളെന്നും ഒരു അമ്മകുട്ടിയായിരുന്നു. ഗൌരിയെ ഒപ്പംകൂട്ടാന്‍ കഴിയാത്തതിനാലാണ് അവള്‍ വരില്ലെന്ന് അവരെ വിളിച്ചറിയിച്ചത്. മിത്രയെന്ന അമ്മയ്ക്ക് ഇന്ന് എല്ലാം മകളാണ് അവളുടെ സ്വപ്നങ്ങളെല്ലാം ഇന്ന് അവള്‍ മകളിലൂടെയാണ് യാഥാര്‍ത്ഥ്യമായികാണുവാനാഗ്രഹിക്കുന്നതും. ഫോണ്‍ ഓഫ് ചെയ്ത് മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ പച്ചക്കറികളുമെടുത്ത്  ഗൌരിയേയും കൊണ്ട് കാറിനടുത്തേയ്ക്ക് വന്നതുവരെ അവള്‍ ഓര്‍ത്തു. പിന്നെയെന്തായിരുന്നു? തലയിലെ വേദനസമ്മാനിക്കുന്ന സ്റ്റിച്ചുകള്‍ വീണ്ടും വലിഞ്ഞുമുറുകുകയാണ്. എന്തിനെന്നറിയാത്ത ആ മരണവേഗതയില്‍ തന്നെ ഇടിച്ചിട്ട ആ വാഹനം ഗൌരിയേയുംകൊണ്ട് തന്നില്‍നിന്നകലുന്ന ആ ദൃശ്യം അവളുടെ കണ്ണുകള്‍ക്ക് മുന്നില്‍ മിന്നിമറഞ്ഞു. ഏതോ ഉള്‍വിളിയിലെന്നപോലെ ആ കിടക്കയില്‍ നിന്നും മോളെയെന്ന് വിളിച്ചുകൊണ്ട് എണീക്കവേ ആരെല്ലാമോ ചേര്‍ന്ന് അവളെ ആ കട്ടിലിലേയ്ക്ക് ബലമായികിടത്തി. ഒടുവില്‍ ഡോക്ടര്‍ നല്‍കിയ സെഡേഷനില്‍ മിഴികളടയവേ അവള്‍ കണ്ടു, ശ്രീദേവി ടീച്ചറുടെ കൈപിടിച്ച് ഗൌരി പോകുകയാണ് തന്നില്‍ നിന്നും അകലേയ്ക്ക്. മനുഷ്യജീവനുകള്‍ക്ക് വിലകല്‍പ്പിക്കാതെ പായുന്നവര്‍ അപഹരിച്ച ഒരു ജീവിതം മാത്രമായിരുന്നു ഗൌരിയുടെതെങ്കില്‍ ഇതുപോലുള്ള അനേകം ജീവനുകളാണ് ഓരോ നിമിഷവും ഈ ലോകത്തുനിന്നും അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി മിത്രയെപോലുള്ളവര്‍ ജീവിക്കുന്നു...... വേഗതകൂട്ടുവാന്‍ മനസ്സ് ആഗ്രഹിക്കുമ്പോള്‍ ഓര്‍ക്കുക ഓരോ ജീവനും ഓരോ ജീവിതങ്ങളാണ്, ഒരു ജീവന്‍റെ പിടച്ചിലില്‍ നിലയ്ക്കുന്നത് ഒന്നിലധികം ജീവിതങ്ങളുടെ ജീവശ്വാസമാണെന്ന്....

No comments:

Post a Comment